കല്ല്യാണാലോചനയ്ക്ക് ബോർഡ് വച്ച് യുവാവ് ; മനസ്സിലെ ആഗ്രഹം ഒരു ബോർഡിൽ എഴുതിവച്ചതിൽ എന്താണ് തെറ്റ്, ശരിയ്ക്കും എന്റെ ലൈഫ് തന്നെ മാറിയെന്ന് ഉണ്ണികൃഷ്ണൻ

627

പെണ്ണ്കാണൽ പലവഴി നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. പിന്നെ ഉണ്ണികൃഷ്ണന് മനസ്സിൽ തോന്നിയതങ്ങ് ചെയ്തു. തന്റെ കടയ്ക്കു മുൻപിൽ ഒരു ബോർഡ് വെച്ചു.’ ജീവിതപങ്കാളിയെ തേടുന്നു, ജാതിമതഭേദമന്യേ,’കൂടെ ഫോൺ നമ്പറും വെച്ചു. ബോർഡ് വെച്ച ശേഷം ആദ്യം കടയിലെത്തിയ ആളുടെ ചോദ്യം..’എന്തിനാ ഉണ്ണീ നീ മറ്റുള്ളോരെ ഇങ്ങനെ നാണം കെടുത്തുന്നെ? ഇതൊക്കെ മോശമാണ്’ ഇതായിരുന്നു ബോർഡ് വെച്ച ദിവസത്തെ ചോദ്യം. ഇന്ന് അതേ പുള്ളിവന്ന് പറഞ്ഞു, ഞാൻ പ്രതീക്ഷിച്ചില്ലട്ടോ ഉണ്ണീ ഇങ്ങനെയൊന്നും, ഇനി നിന്റെ ലൈഫ് മാറൂട്ടോ…’ എന്നും പറഞ്ഞു.

ശരിയ്ക്കും ഉണ്ണികൃഷ്ണൻ എന്ന 33കാരന്റെ ജീവിതം മാറിയെന്ന് അദ്ദേഹം തന്നെ പറയുന്നു. തൃശൂർ ചേർപ്പിൽ ഇന്നലെവരെ വലിയ തിരക്കില്ലാത്ത ഈ യുവാവിന്റെ ജീവിതം ഇന്ന് നേരം വെളുത്തതോടെ തിക്കും തിരക്കും ഏറിയതായി. ഫോണിൽ തുരുതുരാ കോളുകൾ, ചായക്കടയിൽ കസ്റ്റമേഴ്‌സിന്റെ എണ്ണവും കൂടി.

Advertisements

ALSO READ

ദിലീപിനുവേണ്ടി ഒരു വർഷത്തോളം കെടാവിളക്ക് കത്തിച്ച് പ്രാർത്ഥിച്ച് ഒരമ്മ, നിറമിഴികളോടെ കൈ കൂപ്പി നന്ദിപറഞ്ഞ് താരം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉണ്ണികൃഷ്ണൻ കടയ്ക്കു മുൻപിൽ ബോർഡ് വെച്ചത്. ജീവിതമാർഗം നേരെയായ ശേഷം മതി കല്ല്യാണം എന്നത് ഉണ്ണിക്ക് നിർബന്ധമായിരുന്നു. അതനുസരിച്ച് ആദ്യം തുടങ്ങിയ ചില്ലറ ലോട്ടറി വിൽപ്പന. ഇപ്പോൾ ചായക്കടയും, ഇനി ഇതെല്ലാം വിപുലീകരിക്കണം. അതിനിടെ തോളൊന്ന് ചായ്ച്ചുവയ്ക്കാൻ ഒരു തുണ വേണം, അതിനായി കുറെ ശ്രമിച്ചു, ഒന്നും ശരിയായില്ല, അപ്പോഴാണ് ഈ ഐഡിയ മനസ്സിലുദിച്ചത്.

ഈ ഒരു ബോർഡ് വച്ചതിലൂടെ കാണുന്നവർക്ക് കാര്യങ്ങൾ കൃത്യമായി മനസ്സിലാകും. കടയിൽ സ്ഥിരം വരുന്നവരോടൊക്കെ അന്വേഷിക്കുമ്പോഴും ഉണ്ണികൃഷ്ണൻ എന്ന യുവാവിനെക്കുറിച്ച് വ്യക്തമായി അറിയാനാകും. കുറേ നുണകളൊക്കെ പറഞ്ഞ് കല്ല്യാണം കഴിച്ചിട്ടെന്തിനാ, ഞാനൊരു കമ്മ്യൂണിസ്റ്റാണ്, അതുകൊണ്ട് ജാതിമതഭേദമന്യേ തന്നെ മതി കല്യാണം. അതാണ് ബോർഡിൽ ആ വാക്കു കൂടി ചേർത്തത് എന്ന് ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ ഒരു സുഹൃത്താണ് ഈ വാർത്തയ്ക്കു പിന്നിൽ, ഇന്നലെ കടയിൽ വന്ന സമയത്ത് ബോർഡ് കണ്ട്, കക്ഷി പറഞ്ഞു നിന്നെ ഇപ്പോൾ ശര്യാക്കിത്തരാടാന്ന്, ഉടനെ ബോർഡിന്റെ ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കിലിടുകയും ഒപ്പം മനോരമയുടെ പ്രാദേശിക ലേഖകനെ അറിയിക്കുകയും ചെയ്തു. മനോരമയാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

ഇന്നിപ്പോൾ വാർത്ത കൂടി വന്നതോടെ കോളുകൾ എടുക്കാൻ പറ്റാത്ത അവസ്ഥയായി. ജീവിതത്തിൽ ആദ്യമായിട്ടാ ഇത്രയും പേരെന്നെ വിളിക്കുന്നത്. ഡൽഹിയിൽ നിന്നുവരെ ആളുകൾ വിളിച്ചു. അഭിനന്ദിക്കാനും ഒപ്പം കല്യാണാലോചനയ്ക്കായും. എല്ലാ നമ്പറിലേക്കും തിരിച്ചു വിളിക്കുകയാണിപ്പോൾ..ഈ വന്ന നമ്പറിലേക്കെല്ലാം തിരിച്ചുവിളിച്ച് കല്യാണാലോചന നടത്താൻ ഇനി വല്ല സോഫ്റ്റ്വെയറും ഉണ്ടാക്കേണ്ടി വരും ഞാൻ.- ഉണ്ണികൃഷ്ണൻ പറയുന്നു.

ALSO READ

സുരേഷ് ഗോപി സത്യതന്ധനായ മനുഷ്യൻ, മമ്മൂക്കയോടും ലാലേട്ടനോടും അടുക്കാൻ പേടി; തുറന്നു പറഞ്ഞ് ബിജു മേനോൻ

ബോർഡ് വയ്ക്കുന്നെന്ന് കേട്ടപ്പോൾ വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നു, അമ്മ പറഞ്ഞു, നിനക്ക് ഭ്രാന്താണെന്ന്, ഞാനാദ്യം എന്തു ചെയ്താലും ആളുകൾ ചോദിക്കുന്നത് ഇതാണ് നിനക്ക് ഭ്രാന്താണോയെന്ന്, അതേ അമ്മ ഇന്ന് വാർത്ത കണ്ടു കണ്ണുനനയുന്നതും കണ്ടു. ആദ്യം വിമർശിച്ചവരെല്ലാം പിന്നെ തിരിച്ചറിയും നമ്മൾ ചെയ്തതിൽ കാര്യമുണ്ടെന്ന്. മനസ്സിലെ ആഗ്രഹം ഒരു ബോർഡിൽ എഴുതിവച്ചതിൽ എന്താണ് തെറ്റെന്നാണ് ഉണ്ണികൃഷ്ണന്റെ ചോദ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സിജോ എടപ്പള്ളിയോടാണ് നന്ദി പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ചായക്കടയിലും കസ്റ്റമേഴ്‌സ് കൂടി എന്നുപറയുന്നു ഉണ്ണികൃഷ്ണൻ.

ഇങ്ങോട്ട് വിളിച്ച എല്ലാ നമ്പറിലേക്കും തിരിച്ചും വിളിക്കും, ആലോചനകളിൽ ശരിയാകുമെന്ന് തോന്നുന്നത് പോയിക്കാണുകയും ചെയ്യും. ഇതു കണ്ട് തനിയ്ക്കു യോജിച്ച ഒരു സാധാരണ പെൺകുട്ടി തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഉണ്ണികൃഷ്ണൻ ഇപ്പോൾ. വല്ലച്ചിറ നായ്കുളത്തുകാട്ടിൽ നാരായണൻ കുട്ടിയുടെയും ഗീതയുടെയും മകനാണ് ഉണ്ണികൃഷ്ണൻ.

 

Advertisement