മഞ്ജുവാര്യരെയും ശ്രീകുമാര്‍ മേനോനെയും ഒതുക്കാന്‍ നോക്കുമ്പോള്‍ അടി കൊള്ളുന്നത് മോഹന്‍ലാലിന്, ഇത് ചെയ്യുന്നത് ഒരു പ്രമുഖ നടനാണ്: വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

22

ഒടിയന് നേരെ നടക്കുന്നത് വ്യക്തി വൈരാഗ്യത്തിന്റെ പുറത്തുള്ള ആക്രമണമാണെന്ന് ലിബര്‍ട്ടി ബഷീര്‍. അതിന് പിന്നില്‍ ഒരു പ്രമുഖ നടനാണെന്നും നിര്‍മാതാവും ഫിലിം സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഇതിന്റെയെല്ലാം പരിണിതഫലം അനുഭവിക്കുന്നത് മോഹന്‍ലാലാണ് മോഹന്‍ലാല്‍ എന്ന വ്യക്തിയാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് ഇതേ അവസ്ഥ നേരത്തെ പുറത്തിറങ്ങിയ ലാല്‍ ചിത്രങ്ങളായ നീരാളി, വില്ലന്‍, ഡ്രാമ എന്നിവയ്ക്കുണ്ടായില്ലെന്നും ബഷീര്‍ ചോദിക്കുന്നു.

Advertisements

എന്റെ ആറ് തിയ്യേറ്ററില്‍ ഒടിയന്‍ കളിക്കുന്നുണ്ട്. ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം നടക്കുന്നത്. കുടുംബ പ്രേക്ഷകരടക്കം ധാരാളം പേര്‍ സിനിമ കാണാന്‍ വരുന്നുണ്ട്.

പക്ഷേ ഇത്രയും സൈബര്‍ ആക്രമണം ഇതിനു മുന്‍പ് ഒരു ചിത്രത്തിനും ഉണ്ടായിട്ടില്ല ഇവിടെ ലക്ഷ്യം രണ്ട് ആള്‍ക്കാരാണ്. മുഖ്യശത്രു ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്. പിന്നെ മഞ്ജു വാര്യര്‍.

ആ ശത്രുക്കളെ ഒതുക്കാന്‍ നോക്കുമ്പോള്‍ അടി കൊള്ളുന്നത് മോഹന്‍ലാലിനാണ്. മുമ്പ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നേരെ ഉണ്ടായ അതേ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.

അന്ന് മഞ്ജുവിനും എനിക്കും ശ്രീകുമാര്‍ മേനോനുമെല്ലാം എതിരേ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അതിന് പുറകിലുള്ള ആള്‍ തന്നെയാണ് ഇപ്പോഴും പുറകില്‍.

ഒരു തിയേറ്റര്‍ ഉടമ എന്ന നിലയിലാണ് പറയുന്നത്. അപ്പോള്‍ ആ ചിത്രത്തിന് നേരെ ഇത്രയും അധികം സൈബര്‍ ആക്രമണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ ലക്ഷ്യം ശ്രീകുമാര്‍ മേനോനാണ്, ഒപ്പം മഞ്ജുവും.

ഒരു മോഹന്‍ലാല്‍ ചിത്രത്തെ കൂട്ടത്തോടെ ആക്രമിക്കുകയാണ്. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത് പോലെ ഒരിക്കലും അത് മോഹന്‍ലാല്‍ ആരാധകര്‍ അല്ല.

കഴിഞ്ഞ ദിവസം ഒരു നിര്‍മാതാവിന്റേതെന്ന് പറയപ്പെടുന്ന വോയിസ് ക്ലിപ് പുറത്തു വന്നിരുന്നു. ഇത്ര കോടി നേടി എന്നൊക്കെ അവകാശവാദം പറയുന്നത് ശരിയല്ലെന്നും മറ്റും പറഞ്ഞുകൊണ്ടുളള ഒരു വോയിസ് ക്ലിപ്പ്.

ഞാനും പത്തിരുപത്തിയഞ്ച് സിനിമ ചെയ്ത വ്യക്തിയാണ്. തിയ്യേറ്ററില്‍ ആളെ കിട്ടാനായി നമ്മള്‍ നൂറ് കോടി ക്ലബില്‍ കയറി അമ്പതു കോടി നേടി എന്നെല്ലാം പറയും.

അത് നമ്മുടെ ഉത്തരവാദിത്തമാണ്. പക്ഷേ അത് നടക്കില്ല, ശരിയല്ല എന്നെല്ലാം ഒരു നിര്‍മാതാവ് എന്ന നിലയ്ക്ക് ഒരാള്‍ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല.

തിയ്യേറ്ററില്‍ ആളെ എത്തിക്കുക എന്നതാണ് പ്രധാനം. നമ്മള്‍ സിനിമ വിജയിക്കാന്‍ പല പരസ്യങ്ങളും കൊടുക്കും. തിയേറ്ററില്‍ ആളെയെത്തിക്കുക എന്നതാണ് ആത്യന്തികമായ കാര്യം.

പുലിമുരുകന്‍ പോലെയുള്ള ഒരു പടം അല്ല ഒടിയന്‍. ഇത് ഒരു കുടുംബചിത്രമാണ്. ഈ ചിത്രത്തെ ആക്രമിക്കുന്നതിനു പിന്നില്‍ ആരാണെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മനസിലാക്കണം.

ഇന്നലെയാണ് ഒടിയന്‍ കാണുന്നത്. നല്ല സിനിമ അങ്ങനെ ഒന്നും തകരില്ലെന്ന് മനസിലാക്കണം. ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Advertisement