മമ്മൂക്കയും ഭാഷയും, അതൊരു ഒന്നൊന്നര കോമ്പിനേഷന്‍ ആണ്

20

സിനിമയില്‍ മലയാള ഭാഷയെ അതിന്റെ വ്യത്യസ്തമായ പ്രാദേശികഭേദത്തോടെ, അതേ തനിമയില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരുമില്ല.

കഥാപാത്രത്തിന്റെ മാനറിസറങ്ങള്‍ പഠിച്ചെടുക്കുമ്ബോള്‍ മമ്മൂട്ടി കാണിക്കാറുള്ള സൂക്ഷ്മതയെ കുറിച്ച്‌ പല സംവിധായകരും വാചാലരാവാറുണ്ട്. ഓരോ ദേശക്കാരായ ആളുകളെ അവതരിപ്പിക്കുമ്ബോള്‍ കഥാപാത്രത്തിനനുസരിച്ച്‌ മമ്മൂട്ടിയുടെ ഭാഷയും മാറും.

Advertisements

ഇത്തരം ഭാഷാവ്യത്യാസങ്ങള്‍ അനായാസേന അവതരിപ്പിക്കാന്‍ കഴിയുന്നുവെന്നത് മമ്മൂട്ടിയുടെ പ്രത്യേകതയാണ്.

കടപ്പുറം ഭാഷ പ്രേക്ഷകരിലേക്ക് എത്തിച്ച അമരത്തിലെ അച്ചൂട്ടി, തൃശൂരിലെ നാട്ടുഭാഷയിലൂടെ നര്‍മം കൈകാര്യം ചെയ്ത പ്രാഞ്ചിയേട്ടന്‍, കോട്ടയം കുഞ്ഞച്ചന്റെ തിരുവിതാംകൂര്‍ കുടിയേറ്റ ഭാഷയും, കന്നടകലര്‍പ്പുള്ള ചട്ടമ്ബിനാടിലെ വീരേന്ദ്രമല്യയും എന്നും പ്രേക്ഷകരുട ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതിന്റെ കാരണം മമ്മൂട്ടി കൈകാര്യം ചെയ്ത ഭാഷ തന്നെ.

തീര്‍ന്നില്ല, ഇനിയുമുണ്ട്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര ഭാഷ തനിക്ക് ചേരുമെന്ന് തെളിയിച്ച കഥാപാത്രമായിരുന്നു രാജമാണിക്യത്തിലെ മാണിക്യം പറഞ്ഞ ഭാഷ.

കൊങ്കിണിയും മലയാളവും കൂടിക്കലര്‍ന്ന കമ്മത്ത്, തമിഴ് കലര്‍ന്ന മലയാള ഭാഷണവുമായി കറുത്ത പക്ഷികളിലെ മുരുകനും, മലബാര്‍ ഭാഷാ ശൈലിയുള്ള ബാവൂട്ടിയും ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച മമ്മൂട്ടി സിനിമയും ഭാഷയുമാണ്.

ഒടുവിലത്തേത് കന്നടയും തുളുവും മലയാളവും കൂടിക്കലര്‍ന്ന കാസര്‍ഗോഡ് ഭാഷക്കാരനായ നിത്യാനന്ദ ഷേണായി ആയിരുന്നു.

ഇതോടെ ഏറ്റവും കൂടുതല്‍ മലയാളാ ഭാഷാഭേദങ്ങള്‍ അവതരിപ്പിച്ച നായകനെന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തമാണ്. മലയാളത്തില്‍ മാത്രമല്ല അങ്ങ് തമിഴിലും തെലുങ്കിലും ഇംഗ്ലീഷിലും ചെന്ന് അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി.

റാമിന്റെ പേരന്‍പില്‍ നിസഹായനായ അച്ഛനെ മമ്മൂട്ടി അവതരിപ്പിച്ചപ്പോള്‍ അമുദവന്‍ സംസാരിച്ചത് തമിഴായിരുന്നു. തെലുങ്ക് ദേശത്തിന്റെ വൈ എസ് ആര്‍ ആയി മമ്മൂട്ടി വീണ്ടും അവതരിച്ചപ്പോള്‍ ഭാഷ തെലുങ്കും.

ദേശാതിരുകള്‍ താണ്ടി തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും ഇംഗ്ലീഷും പറയേണ്ടിവന്നപ്പോഴും സ്വന്തം ഭാവങ്ങള്‍ക്ക് സ്വന്തം ശബ്ദം തന്നെ മതിയെന്ന വാശിയായിരുന്നു മമ്മൂട്ടിക്ക്. പതിറ്റാണ്ടുകള്‍ പോയി മറയുകയാണ്. മമ്മൂട്ടിയെന്ന മഹാസാഗരം ഉറവ വറ്റാതെ ഒഴുകികൊണ്ടിരിക്കുന്നു.

വലിപ്പച്ചെറുപ്പങ്ങളില്ലാതെ ഏതുപുതിയ കഥ കേള്‍ക്കാനും ഈ നടന്‍ തുടക്കക്കാരന്റെ കൗതുകത്തോടെ ഇന്നും കാത്തിരിക്കുകയാണ്.

Advertisement