മാന്ത്രിക ചിരിയിലൂടെ എന്റെ കുടുംബത്തിലെ ഓരോരുത്തരെയും അവൻ ചെങ്ങായിമാരാക്കി ; നടി മമത മോഹൻദാസ് വഴി അമേരിക്കയിൽ പോയി ചികിൽസിക്കാനും അവൻ ആഗ്രഹിച്ചിരുന്നു : നടൻ ജിഷ്ണുവിനെ കുറിച്ച് സുഹൃത്തും നടനുമായിരുന്ന ജോളി ജോസഫിന്റെ കുറിപ്പ്

173

വർഷങ്ങൾ നീണ്ടു നിന്ന് പോരാട്ടത്തിന് ഒടുവിലാണ് നടൻ ജിഷ്ണു കാൻസറിന് കീഴടങ്ങുന്നത്. മലയാള സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി താരം കടന്നുപോയിട്ട് ആറു വർഷം ആവുകയാണ്.

താരത്തിന്റെ മരണവാർഷികത്തിൽ സുഹൃത്തും നടനുമായിരുന്ന ജോളി ജോസഫ് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ജിഷ്ണുവിന്റെ അവസാന നാളുകളെക്കുറിച്ചാണ് കുറിപ്പ്. അമേരിക്കയിൽ ചികിത്സയ്ക്കുപോകാനിരിക്കുമ്പോഴാണ് ജിഷ്ണു വിടപറഞ്ഞത് എന്നാണ് അദ്ദേഹം കുറിക്കുന്നത്. 2016 മാർച്ച് 25നാണ് ജിഷ്ണു മരിക്കുന്നത്.

Advertisements

ALSO READ

റൊമാന്റിക് രംഗങ്ങൾ ചെയ്യുന്നതിനിടയിലും ഞങ്ങൾ അടിയുണ്ടാക്കാറുണ്ടായിരുന്നു, ഞാൻ ഓരോ സജഷൻസ് കൊടുക്കുമ്പോഴും ഷാനു എതിർക്കും : വിശേഷങ്ങൾ പങ്കു വച്ച് സ്വാസികയും ഷാനവാസും

മണ്ണിലെ താരമായിരുന്ന നീ എന്തിനാടാ ഇത്രയും നേരത്തെ ഒരുപാടു താരങ്ങളുള്ള വിണ്ണിലേക്കു പോയെ ….?
കമൽ സാറിന്റെ ‘ നമ്മൾ ‘ എന്ന ചലചിത്രത്തിലൂടെ രംഗപ്രവേശനം ചെയ്ത ഞങ്ങളുടെ ജിഷ്ണു സ്വർഗത്തിലേക്ക് പോയിട്ട് , ഇന്നലേക്ക് കൃത്യം ആറ് വർഷം .! 19 വർഷം മുൻപ് അൻസാർ കലാഭവൻ ഡയറക്റ്റ് ചെയ്ത ‘ വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് ‘ എന്ന ചലച്ചിത്രത്തിന്റെ ഭാഗമായിരുന്ന ഞാൻ , ഹീറോയായിരുന്ന ജിഷ്ണുവിനെയും , ഹീറോയിനായൊരുന്ന ഭാവനയെയും പരിചയപ്പെട്ടത് . അവൻ വഴി അച്ഛൻ രാഘവേട്ടനെയും അമ്മ ശോഭേച്ചിയെയും പരിചയപ്പെട്ടു. പിന്നീട് മാന്ത്രിക ചിരിയിലൂടെ എന്റെ കുടുംബത്തിലെ ഓരോരുത്തരെയും അവൻ ചെങ്ങായിമാരാക്കി …!

എനിക്ക് അവൻ ആരായിരുന്നു എന്നത് ഇപ്പോഴും പിടികിട്ടാത്ത ഒരു കാര്യമാണ്. എന്നെ ഇത്ര മാത്രം കളിയാക്കിയിരുന്ന, വഴക്കു പറഞ്ഞിരുന്ന, ദേഷ്യപ്പെട്ടിരുന്ന, ചിരിപ്പിച്ചിരുന്ന, കളിച്ചിരുന്ന, സ്വാധിനിച്ചിരുന്ന ഒരു മാജിക് പ്രെസെൻസ് ആയിരുന്നു കുടിക്കാത്ത വലിക്കാത്ത പക്ഷെ കള്ള കുസൃതിക്കാരനായ ജിഷ്ണു. പലപ്പോഴും എന്റെ വീട്ടിൽ വന്നു ഇന്ദുവിനോട് അവന് ആവശ്യമുള്ള ഭക്ഷണം ചോദിച്ചു പാചകം ചെയ്യിപ്പിച്ചു കഴിക്കുമായിരുന്നു …പിന്നീട് അവന്റെ ഫോൺ വിളികളിൽ , ഇഷ്ടമുള്ളത് പാചകം ചെയ്തു കാത്തിരിക്കുമായിരുന്നു എന്റെ ഇന്ദു. രസകരമായ ഷൂട്ടിംഗ് വിശേഷങ്ങൾ വീട്ടിൽ കൊണ്ട് വന്നു അവനും വിളമ്പുമായിരുന്നു … സിനിമയെ ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന, ഒരുപാടു പഠിക്കാൻ ശ്രമിച്ച, കൃത്യമായും , സെൻസിബിളായും സംസാരിക്കാൻ അറിയാവുന്ന കുറച്ചു സിനിമക്കാരിൽ അവനും ഉണ്ടായിരുന്നു ..

അവൻ വഴി സിനിമയിലും അല്ലാത്തതുമായ ഒരുപാടു പേരെ ഞാൻ പരിചപ്പെട്ടിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന , മധു വാരിയർ , നിഷാന്ത് സാഗർ , അരവിന്ദർ , ബിജു , പ്രശാന്ത് പ്രണവം അങ്ങിനെ അങ്ങിനെ ഒരുപാടു പേരുടെ അല്ലറ ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും തീർത്തിരുന്നതു അവനായിരുന്നു .
അവന്റെ രോഗവിവരങ്ങൾ അറിഞ്ഞപ്പോൾ , വീട്ടുകാരോടൊപ്പം ഞങ്ങളും തളർന്നപ്പോൾ , അവനായിരുന്നു വെളിച്ചമായും , കുസൃതികളായും , ഒട്ടും തന്നെ പരിഭ്രമില്ലാതെ മുന്നിട്ടു നിന്നത് തിരുവനന്തപുരത്തു വീട്ടിൽ മാത്രം കഴിഞ്ഞിരുന്ന അവനെ ഞാനും കൈലാഷും കാണാൻ ചെന്ന് നിർബന്ധിച്ചതുകൊണ്ടായിരുന്നു അവന് വളരെ ഇഷ്ടപെട്ട എറണാകുളത്തെ മറൈൻ ഡ്രൈവിലെ എന്റെ ഫ്‌ലാറ്റിലേക്ക് കുടുംബത്തോടൊപ്പം ഷിഫ്റ്റ് ചെയ്തത് . ഏകദേശം രണ്ടു വർഷത്തോളം ഞങ്ങൾ കൂട്ടുകാർ അവനെ പൊന്നു പോലെ, കരുതലോടെ കാത്തു, അവന്റെ കുസൃതികളിൽ പങ്കാളികളായി … അവനു സമർപ്പിയ്ക്കാനായി ഞാനൊരു ഷോർട് ഫിലിമും ചെയ്തു ‘ speechless ‘ ..!

ആ നാളുകളിൽ സോഷ്യൽ മീഡിയകളിൽ അവൻ വളരെ ആക്ടീവായിരുന്നു …ഞങ്ങൾ രാത്രികളിൽ ഡ്രൈവിന് പോകുമായിരുന്നു . വളരെ സേഫ് സെൻസിൽ കാർ ഓടിക്കുന്ന വ്യക്തികളിൽ ഒരാളാണ് ജിഷ്ണു. നടി മമത മോഹൻദാസ് മായി നല്ല ചങ്ങാത്തം ഉണ്ടായിരുന്ന അവന് അമേരിക്കയിൽ പോയീ ചികിൽസിക്കാനും പ്ലാനുണ്ടായിരുന്നു.. മാർച്ച് മാസത്തിൽ അമേരിയ്ക്കയിലുണ്ടായിരുന്ന ഞാൻ, തിരികെ വന്ന ഉടനെ മമതയുടെ സഹായത്തോടെ അവനെയും കൂട്ടി അമേരിക്കയിൽ പോകാനായിരുന്നു പ്ലാൻ, അതവൻ ആഗ്രഹിച്ചിരുന്നു .. 22 നു രാത്രി തിരികെ വന്ന എനിക്ക് 23 നു അമൃതയിൽ അഡ്മിറ്റ് ചെയ്ത അവന്റെ ടെക്സ്റ്റ് മെസ്സേജ് വന്നു , ചീത്ത വാക്കുകൾ കൊണ്ട് ദേഷ്യപ്പെട്ടു മാത്രം നിറയാറുള്ള മെസ്സേജിൽ അവൻ എന്നെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമാപണം നടത്തി, ദൈവം പ്രതിഫലം തരുമെന്നും പറഞ്ഞു… ഞാൻ അവനു തെറികൊണ്ട് മറുപടി നൽകി .. അതോടൊപ്പം അമേരിക്കയിലേക്ക് പോകാൻ റെഡിയാകാനും പറഞ്ഞു …

ALSO READ

ഒന്നര വയസ്സിൽ ഉപേക്ഷിച്ച് പോയ സ്വന്തം അമ്മയെ 22 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ മകൻ ; ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി മജീഷ്യനും മെന്റലിസ്റ്റുമായ അശ്വിന്റെ ജീവിത കഥ ഇങ്ങനെ

25 തീയതി അതിരാവിലെ മനോരമ TV യിലെ റോമി മാത്യു വിളിച്ചു …. അലറി കരഞ്ഞ ഞാൻ ഇന്ദുവും കൈലാഷുമായി അമൃത ഹോസ്പിറ്റലിലേക്ക് പോയി തളർന്നിരുന്ന രാഘവേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു … അദ്ദേഹം എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു …! പിന്നെ ജനപ്രവാഹമായീ.. എല്ലാ ചടങ്ങുകൾക്കും രവിപുരത്തെ ശ്മശാനത്തിലെ തീ അവനെ വിഴുങ്ങുമ്പോഴും കുടുബാംഗങ്ങളും , ബന്ധുക്കളും കൂട്ടുകാരും ഈറനഞ്ഞ കണ്ണുകളുമായി നിന്നപ്പോൾ , കൈലാഷും ഞാനും മധുവും നിഷാന്തും സിദ്ധാർഥ് ശിവയും കെട്ടിപ്പിടിച്ചു നിന്ന് ഹൃദയം പൊട്ടി കരഞ്ഞു ….!

മണ്ണിലെ താരമായിരുന്ന നീ എന്തിനാടാ ഇത്രയും നേരത്തെ ഒരുപാട് താരങ്ങളുള്ള വിണ്ണിലേക്കു പോയെ

 

Advertisement