മഞ്ജു വാര്യരോ നയൻതാരയോ, മമ്മൂട്ടിയോ മോഹൻലാലോ? പാർവ്വതിയുടെ മറുപടി

8

അഭിനയംകൊണ്ടും നിലപാട് കൊണ്ടും മലയാള സിനിമയിലെ വേറിട്ട ശബ്ദമാണ് പാർവ്വതി തിരുവോത്ത്.

സ്വന്തമായി അഭിപ്രായമുള്ളതിനാലും അത് തുറന്ന് പറഞ്ഞതിനാലും ഏറെ സൈബർ ആക്രമണങ്ങൾക്ക് വിധേയയായ നടി.

Advertisements

ഈ ആക്രമണങ്ങൾക്ക് തുടർച്ചയായ രണ്ട് ഹിറ്റ് സിനിമകൾ കൊണ്ടാണ് പാർവ്വതി മറുപടി നൽകിയത്.

പാർവ്വതി കേന്ദ്ര കഥാപാത്രമായെത്തിയ ‘ഉയരെ’യും ആഷിഖ് അബു സംവിധാനം ചെയ്ത പാർവ്വതി ഉൾപ്പെടെ ഉള്ളവർ പ്രധാന വേഷങ്ങളിൽ എത്തിയ വൈറസും നിറഞ്ഞ സദസിൽ പ്രദർശം തുടരുകയാണ്.

ഇതിന്റെ പശ്ചാത്തലത്തിൽ നടന്ന അഭിമുഖത്തിൽ പാർവ്വതിയോട് ചോദിച്ച ചില ചോദ്യങ്ങൾക്ക് താരത്തിന്റെ മറുപടി രസകരമായിരുന്നു.

റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ റാപിഡ് ഫയർ റൗണ്ടിൽ രണ്ട് ഓപ്ഷനുകൾ നൽകി ഒന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

മഞ്ജു വാര്യരോ നയൻതാരയോ എന്ന ചോദ്യത്തിന് മഞ്ജു വാര്യർ എന്നാണ് പാർവ്വതി മറുപടി നൽകിയത്.

മോഹൻലാലോ മമ്മൂട്ടിയോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് എന്ന് പാർവ്വതി തിരിച്ച് ചോദിച്ചു. എന്നാൽ രണ്ടിലൊന്ന് തിരഞ്ഞെടുക്കാൻ അവതാരകൻ ആവശ്യപ്പെട്ടപ്പോൾ രണ്ടും തിരഞ്ഞെടുക്കുന്നില്ല എന്ന് പാർവ്വതി പറഞ്ഞു.

താരസംഘടനയായ അമ്മയയാണോ വിമൻ ഇൻ സിനിമ കലക്ടീവ് ആണോ എന്ന ചോദ്യത്തിന് വിമൻ ഇൻ സിനിമാ കലക്ടീവ് എന്നാണ് പാർവ്വതി മറുപടി പറഞ്ഞത്.

മലയാള സിനിമയെ ബാധിച്ച പോസിറ്റീവ് വൈറസ് എന്താണെന്ന ചോദ്യത്തിന് അത് ഡബ്ല്യൂസിസിയാണെന്നും പാർവ്വതി പറഞ്ഞു.

അഭിപ്രായങ്ങൾ തുറന്നു പറയുന്നതുകൊണ്ട് അവസരം നിഷേധിക്കപ്പെട്ടാൽ താൻ അത്തരക്കാരുടെ സിനിമ വേണ്ടെന്ന് വച്ചോളാമെന്നും പാർവ്വതി പറഞ്ഞു.

സിനിമയെ അടക്കിവാഴുന്ന സംഘടനകൾ മലയാള സിനിമയിലെ ഒരു വൈറസാണെങ്കിൽ ആ സംഘടനയിൽ തന്നെ നിലനിന്നുകൊണ്ട് മാറ്റത്തിന് ശ്രമിക്കണമെന്നും പാർവ്വതി പറഞ്ഞു.

താനിപ്പോഴും ‘അമ്മ’യിലെ അംഗമാണെന്നും പാർവ്വതി വ്യക്തമാക്കി. സിനിമയിലെ സ്ത്രീവിരുദ്ധത ഒരു വൈറസാണെങ്കിൽ താൻ മുമ്പ് ചെയ്തതു പോലെ ഓപ്പൺ ഫോറത്തിലിരുന്ന് അതേക്കുറിച്ച് സംസാരിക്കാമെന്നും പാർവ്വതി പറഞ്ഞു.

കസബയിലെ സ്ത്രീവിരുദ്ധ സംഭാഷണത്തെ നേരത്തേ പാർവ്വതി വിമർശിച്ചിരുന്നു. ഇതേക്കുറിച്ചാണ് അവർ അഭിമുഖത്തിൽ പറഞ്ഞത്.

സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ചിത്രത്തിൽ നായകനായി പരിഗണിക്കുന്നത് ആസിഫ് അലിയെ ആയിരിക്കുമെന്നും പാർവ്വതി പറഞ്ഞു.

നായികമാരായി മനസിൽ ഉള്ളത് ദർശന രാജേന്ദ്രനും നിമിഷ സജയനുമാണെന്നും പാർവ്വതി വ്യക്തമാക്കി.

Advertisement