ലൂസിഫർ 2 ന് സാധ്യതയില്ല? തന്റെ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

20

ലൂസിഫർ തീയേറ്ററുകളിൽ എത്തി ആദ്യ വാരം പിന്നിടുംമുൻപ് സോഷ്യൽ മീഡിയയിൽ സിനിമാപ്രേമികൾ തുടങ്ങിവച്ചതാണ് സംഭവിക്കാൻ സാധ്യതയുള്ള ഒരു ലൂസിഫർ 2നെക്കുറിച്ചുള്ള ചർച്ചകൾ.

ഒട്ടനേകം കഥാപാത്രങ്ങളും നായക കഥാപാത്രത്തിന്റേതുൾപ്പെടെ ഇനിയും പറയാത്ത ഉപകഥകൾക്കുള്ള സാധ്യതകളും ഇല്യൂമിനാറ്റി പോലെയുള്ള റഫറൻസുകളും പ്രേക്ഷകർക്കിടയിൽ ലൂസിഫറിന്റെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായി.

Advertisements

തിരക്കഥാകൃത്തായ മുരളി ഗോപി ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചില അഭിമുഖങ്ങളിൽ മറുപടി പറഞ്ഞിരുന്നു. മുരളിഗോപി പലപ്പോഴായി പറഞ്ഞത് ഇങ്ങനെ ചുരുക്കാം.

ലൂസിഫർ എന്നത് ഒരു ഫ്രാഞ്ചൈസിന്റെ (ഏടുകൾ) സ്റ്റൈലിൽ ഡിസൈൻ ചെയ്തിട്ടുള്ള സാധനമാണ്. അതിനെക്കുറിച്ചുള്ള ബോധ്യത്തിൽ തന്നെയാണ് ഞാനും പൃഥ്വിയും ലൂസിഫർ ചെയ്തിരിക്കുന്നത്.

പക്ഷേ ഇത് സംബന്ധിച്ചുള്ള മറ്റ് അറിയിപ്പുകളൊന്നും ഞാൻ ഇപ്പോൾ പറയുന്നത് ശരിയല്ല. എന്നാൽ ഒരാഴ്ച മുൻപ് ലൂസിഫർ രണ്ടാംഭാഗത്തേക്കുറിച്ച് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റും മുരളി ഇട്ടിരുന്നു.

‘The wait… won’t be too ‘L’ong.’ എന്നായിരുന്നു അത്. ഇത് ലൂസിഫർ രണ്ടാംഭാഗത്തെക്കുറിച്ചുള്ള സ്റ്റാറ്റസ് തന്നെയാണ് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വായിക്കപ്പെട്ടത്.

എന്നാൽ ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകൻ പൃഥ്വിരാജ് ആദ്യമായി മറുപടി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ വെളിപ്പെടുത്തൽ.

ലൂസിഫറിന്റെ ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യത അത്രത്തോളമില്ല എന്ന തലത്തിലാണ് പൃഥ്വിയുടെ പ്രതികരണം. താൻ ആഗ്രഹിക്കുന്ന തരത്തിൽ ഒരു രണ്ടാംഭാഗം മലയാളത്തിന് താങ്ങാനാവുമോ എന്നും അദ്ദേഹം ആശങ്ക ഉയർത്തുന്നുണ്ട്.

ഒപ്പം നടൻ എന്ന തരത്തിലുള്ള തിരക്കുകൾക്കിടയിൽ അതിനുള്ള സമയം ലഭ്യമാവുമോ എന്നും. പൃഥ്വിയുടെ വാക്കുകൾ ഇങ്ങനെ.

ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. അത്തരത്തിലൊന്ന് മലയാളത്തിൽ ചെയ്യാനാവുമോ എന്ന കാര്യമാണ് ആദ്യം പരിഗണിക്കാനുള്ളത്.

അത്തരത്തിലൊന്ന് നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെടുംമുൻപ് അതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ഗൗരവമുള്ള ആത്മപരിശോധനയും ചർച്ചകളും വിശകലനവും ആവശ്യമുണ്ട്.

അഭിനേതാവ് എന്ന നിലയിൽ എട്ട് മാസത്തെ ഇടവേളയെടുത്താണ് പൃഥ്വി ലൂസിഫർ ചിത്രീകരിച്ചത്. നടനെന്ന നിലയിൽ സ്വയം ലഭ്യമാക്കേണ്ട സമയത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.

പ്രാഥമികമായും ഞാനൊരു അഭിനേതാവാണ്. ലൂസിഫറിന് ഒരു രണ്ടാംഭാഗം സംഭവിക്കുകയാണെങ്കിൽ, അത് കൂടുതൽ വലിപ്പമുള്ള, കൂടുതൽ പരിശ്രമം ആവശ്യമുള്ള സിനിമയായിരിക്കും.

ഇനി ഞാൻ രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രം ഏതാണെങ്കിലും, അഭിനയിക്കുന്ന സിനിമകൾക്കിടയിൽ നിന്ന് ലഭിക്കുന്ന സമയം ഉപയോഗപ്പെടുത്തി വേണം അതിലേക്ക് പ്രവേശിക്കാൻ. എന്റെ

അടുത്ത സംവിധാന പരിശ്രമത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഏറ്റവും പ്രാധാന്യമുള്ള കാര്യം അതാണ്’, പൃഥ്വിരാജ് വ്യക്തമാക്കുന്നു.

Advertisement