അവരുടെ കളി ടീം ഇന്ത്യയ്ക്ക് മതിയായി, രണ്ടു താരങ്ങളുടെ കരിയർ അവസാനിക്കുന്നു

24

ഇത്തവണത്തെ ലോകകപ്പിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിക്കുമ്പോൾ രണ്ട് താരങ്ങളുടെ ഭാവി തുലാസിൽ. ദിനേഷ് കാർത്തികിന്റേയും കേദർ ജാദവിന്റേയും കരിയർ ഏകദേശം അവസാനിച്ചതായാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.

ഇതോടെ മധ്യനിരയിൽ ടീം ഇന്ത്യയ്ക്ക് ഇനിയും കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടി വരും. ലോക കപ്പിൽ ദയനീയ പ്രകടനമാണ് അവസരം കിട്ടിയപ്പോഴെല്ലാം ദിനേഷ് കാർത്തിക് കാഴ്ച വെച്ചത്. സെമിയിൽ ഇന്ത്യ തോറ്റ മത്സരത്തിൽ കാർത്തികിന് ആദ്യ റൺസ് സ്വന്തമാക്കാൻ 20 പന്തുകളാണ് വേണ്ടി വന്നത്.

Advertisements

26 പന്തിൽ ആറു റൺസുമായി കാർത്തിക് മടങ്ങുകയും ചെയ്തു. ഇതോടെ സമ്മർദ്ദത്തിന് അടിപ്പെട്ട ഇന്ത്യ പിന്നീട് കൂട്ടത്തകർച്ചയിലേക്ക് വീഴുകയും ചെയ്തു. മൂന്ന് മത്സരങ്ങളാണ് ഈ ലോക കപ്പിൽ കാർത്തികിന് കളിക്കാൻ അവസരം ലഭിച്ചത്. ഇതിൽ രണ്ട് തവണ ബാറ്റ് ചെയ്ത കാർത്തികിന് രണ്ടക്കം കടക്കാനായില്ല.

റൺസുകൾ കണ്ടെത്തുന്നതിലുളള അമാന്തവും ഈ കർണാടക താരത്തിന് തിരിച്ചടിയാണ്. അതേസമയം സമാനമായ പുറത്താകൽ ഭീഷണിയിലാണ് കേദർ ജാദവും. ബാറ്റ് കൊണ്ടും പന്തു കൊണ്ടും തിളങ്ങാൻ കരുത്തുളള താരത്തിന് ലോക കപ്പിൽ ആറ് അവസരം ലഭിച്ചെങ്കിലും എടുത്തുപറയാവുന്ന പ്രകടനമൊന്നും കാഴ്ച്ചവെയ്ക്കാനായില്ല.

കേദറിന്റെ ഫോമില്ലായിമ മധ്യനിരയിൽ ഇന്ത്യയ്ക്ക് നിരന്തരം പരീക്ഷണങ്ങൾ നടത്തേണ്ടതായും വന്നു. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവരും ലോക കപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നതിൽ പരാജയപ്പെട്ടു.

പേസ് ബൗളർമാരുടെയും ഓപ്പണർമാരുടേയും തകർപ്പൻ പ്രകടനം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ലോക കപ്പ് പ്രാഥമിക റൗണ്ട് പോലും കടക്കുമായിരുന്നോ എന്ന് സംശയമാണ്. ഓൾറൗണ്ടറെന്ന നിലയിൽ കൊട്ടിഘോഷിച്ചെത്തിയ വിജയ് ശങ്കറും വലിയ നിരാശ സമ്മാനിച്ച താരമാണ്.

Advertisement