മാരക ഫോമിൽ ധവാനും രോഹിത്തും കോഹ്ലിയും പാണ്ഡ്യയും കത്തിക്കയറി; വിജയലക്ഷ്യം മറികടക്കാൻ ഓസീസ് വിയർക്കും

16

അപാര ഫോമിലേക്ക് ഇന്ത്യൻ ബാറ്റിങ് നിര ഉയർന്നപ്പോൾ ഓസീസിനെതിരേ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ.

രോഹിത് ശർമയും ശിഖാർ ധവാനും തുടങ്ങിവെച്ചത് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും ഫിനിഷ് ചെയ്തപ്പോൾ 50 ഓവറിൽ പിറന്നത് നാല് വിക്കറ്റിന് 352 റൺസ്.

Advertisements

ധവാന്റെ സെഞ്ചുറിക്കരുത്തും ക്യാപ്റ്റൻ കോഹ്ലിയുടെ ക്ലാസിക് ബാറ്റിങ്ങും ഇന്ത്യയെ മികച്ച സ്‌കോർ പടുത്തുയർത്താൻ സഹായിച്ചെങ്കിലും, ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഹാർദിക് പാണ്ഡ്യയായിരുന്നു മത്സരത്തിൽ കാണികളെ ഉദ്വേഗഭരിതരാക്കിയത്.

ഓപ്പണർമാർ ഒന്നിച്ച് ഫോമിലേക്കുയർന്ന മത്സരത്തിൽ ഇന്ത്യക്കു മികച്ച തുടക്കമാണു ലഭിച്ചത്. കഴിഞ്ഞമത്സരത്തിൽ സെഞ്ചുറി നേടി ഇന്ത്യയെ മികച്ച വിജയത്തിലേക്കു നയിച്ച വൈസ് ക്യാപ്റ്റൻ രോഹിത് ശർമ (57) ഈ മത്സരത്തിലും ഫോം നിലനിർത്തിയപ്പോൾ, ഒരറ്റത്ത് ശിഖാർ ധവാൻ വിമർശകർക്കു മറുപടി നൽകുകയായിരുന്നു.

പാറ്റ് കമ്മിൻസിന്റെയും മിച്ചൽ സ്റ്റാർക്കിന്റെയും പന്തുകളെ മെല്ലെ നേരിട്ടുകൊണ്ടായിരുന്നു രോഹിതും ധവാനും ഇന്നിങ്‌സ് പടുത്തുയർത്തിയത്.

തന്റെ കരിയറിലെ 17-ാം സെഞ്ചുറി നേടി ഫോമിലേക്കു തിരിച്ചെത്തിയ ധവാൻ 109 പന്തിൽ 16 ഫോറടക്കം 117 റൺസ് നേടി.

ഇതിനിടെ കോഹ്ലി ഒരറ്റത്ത് തന്റെ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നുണ്ടായിരുന്നു. എന്നാൽ ധവാൻ പുറത്തായതിനുശേഷം സ്ഥാനക്കയറ്റം ലഭിച്ച് നാലാമതായി ഇറങ്ങിയ പാണ്ഡ്യ തന്റെ അവതാരോദ്ദേശ്യം പൂർത്തിയാക്കിയാണു മടങ്ങിയത്.

27 പന്തിൽ നാല് ഫോറും മൂന്ന് സിക്സറുമടക്കം 48 റൺസ് നേടിയ പാണ്ഡ്യയുടെ ബാറ്റിന്റെ ചൂടറിയാത്ത ഓസീസ് ബൗളർമാരില്ല. ആദ്യ പന്തിൽ പാണ്ഡ്യ നൽകിയ അവസരം പാഴാക്കിയ ഓസീസ് വിക്കറ്റ് കീപ്പർ അലക്സ് കാരി ഇപ്പോൾ ഖേദിക്കുന്നുണ്ടാകുമെന്നുറപ്പ്.

അതിനിടെ ആദ്യം ധവാനൊപ്പവും പിന്നീട് പാണ്ഡ്യക്കൊപ്പവും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ കോഹ്ലി, 77 പന്തിൽ നാല് ഫോറും രണ്ട് സിക്സറും അടക്കമായിരുന്നു 82 റൺസ് നേടിയത്.

അതിനിടെ ക്രീസിലെത്തി 14 പന്തിൽ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 27 റൺസ് നേടി മടങ്ങിയ ധോനി, പാണ്ഡ്യ ഉയർത്തിയ റൺനിരക്ക് നിലനിർത്തി.

അവസാന ഓവറിൽ മൂന്ന് പന്തിൽ നിന്ന് 11 റൺസെടുത്ത ലോകേഷ് രാഹുൽ ഇന്ത്യയുടെ സ്‌കോർ 350 കടത്തി. നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോൾ, അഫ്ഗാനിസ്താനെ തകർത്തും വെസ്റ്റ് ഇൻഡീസിനെതിരേ പൊരുതിയും ജയിച്ചാണ് ഓസ്‌ട്രേലിയ എത്തുന്നത്.

Advertisement