അസഭ്യം പറഞ്ഞപ്പോഴാണ് ശക്തമായി പ്രതികരിച്ചതെന്ന് ഗൗരിനന്ദ : പെൺകുട്ടിയ്‌ക്കെതിരെ കേസെടുത്ത് ചടയമംഗലം പോലീസ് ; വ്യാപക പ്രതിഷേധത്തെ തുടർന്ന് വിശദീകരണവുമായി പോലീസ്

79

കഴിഞ്ഞ ദിവസമാണ് ഗൗരിനന്ദ അമ്മയോടൊപ്പം ബാങ്ക് ഐടിഎമ്മിന് മുന്നിൽ ക്യൂ നിന്നപ്പോൾ ദുരനുഭവം ഉണ്ടായത്. സമൂഹ മാധ്യമങ്ങളിൽ സംഭവം വൈറലായി മാറിയിരുന്നു.

ബാങ്കിനു മുന്നിൽ ക്യൂ നിന്നവരിൽ നിന്നു പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപെട്ട വിദ്യാർഥിനിക്കെതിരെ കേസെടുത്ത ചടയമംഗലം പൊലീസിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ, ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയതെന്ന വിശദീകരണവുമായി പോലീസ്. ജോലി തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്ന് കഴിഞ്ഞ ദിവസം പോലീസ് അധികൃതർ പറഞ്ഞിരുന്നെങ്കിലും കേരള പൊലീസ് ആക്ട് 117 (ഇ) പ്രകാരമാണ് കേസ് എടുത്തതെന്നും ജാമ്യം ലഭിക്കുമെന്നുമാണ് ഇന്നലെ അറിയിച്ചത്.

Advertisement

Also read

ഞാനും പ്രണയത്തിലും സൗഹൃദത്തിലും അത്തരം ജീവിത അവസ്ഥയിലൂടെ ഒക്കെ പല തവണ കടന്ന് പോയിട്ടുണ്ട് ; അവരുടെ വീഡിയോ കണ്ടപ്പോൾ എനിയ്ക്ക് വിഷമം തോന്നിയെന്ന് ശ്രീജ നായർ

‘ആ പോലീസുകാരിൽ നിന്ന് മോശമായ അനുഭവമുണ്ടായത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. മോശമായാണ് എസ്ഐ സംസാരിച്ചത്. എന്നോട് കൂടുതൽ സംസാരിക്കേണ്ടെന്ന് പറഞ്ഞു. ബഹുമാനത്തോടെയാണ് ഞാൻ സംസാരിച്ചത്, അത് എനിക്ക് തിരിച്ച് കിട്ടണമെന്ന് ഞാനും പറഞ്ഞു. മോശമായ ഒരു വാക്ക് എന്നോട് പറയാൻ പാടില്ലെന്ന് പറഞ്ഞപ്പോൾ, നിഘണ്ടുവിൽ പോയി അർത്ഥം നോക്കാനാണ് എസ്ഐ പറഞ്ഞത്. പെൺകുട്ടിയായി പോയി, നീയൊരു ആണായിരുന്നെങ്കിൽ പിടിച്ചുതള്ളുമായിരുന്നെന്നും എസ്ഐ പറഞ്ഞു’ – ഗൗരി മാധ്യമങ്ങളോട് പറഞ്ഞു.

തുടർന്ന് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ വിശദീകരണവുമായി ചടയമംഗലം പൊലീസും എത്തി. എസ്‌ഐ എസ്. ശരലാൽ പറഞ്ഞത്:

‘ചടയമംഗലം പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ ആണ്. കഴിഞ്ഞ ദിവസം സാമൂഹിക അകലം പാലിക്കാതെ ഏറെപ്പേർ തടിച്ചുകൂടിയെന്ന ഫോൺകോൾ സ്റ്റേഷനിൽ വന്നതിനെ തുടർന്നാണ് ബാങ്കിന്റെ മുന്നിൽ എത്തിയത്. ആരോപണം ഉയരുന്നതു പോലെ, പെറ്റി നൽകിയിട്ടില്ല. കോവിഡ് മാനദണ്ഡം പാലിക്കണമെന്ന വാണിങ് നോട്ടിസാണ് നൽകിയത്. അപ്പോൾ ആ പെൺകുട്ടി പറഞ്ഞത് ‘നോട്ടിസ് നൽകുന്ന ഉദ്യോഗസ്ഥനായ ഞാൻ സാമൂഹിക അകലം പാലിച്ചിട്ടില്ലെന്നും രണ്ടുപേർക്കും പെറ്റി വേണമെന്നുമാണ്. നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥന് പെറ്റി നൽകുന്നത് സാധ്യമല്ലെന്നു പറഞ്ഞപ്പോൾ പെൺകുട്ടി വാശിപിടിച്ചു. പെൺകുട്ടിയുടെ പ്രവൃത്തി മൂലം നോട്ടിസ് നൽകാൻ സാധിച്ചില്ല. എപ്പിഡെമിക് ആക്ട് പ്രകാരവും കുട്ടിക്ക് എതിരെ കേസെടുത്തിട്ടുണ്ട്.’

അതേസമയം തനിക്കെതിരെ പെറ്റി ചുമത്തുന്നു എന്നു തന്നെയാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് ഗൗരിനന്ദ പറഞ്ഞു. ‘നോട്ടിസ് നൽകിയതാണെങ്കിൽ പ്രതികരിക്കില്ലായിരുന്നു. അസഭ്യം പറഞ്ഞപ്പോഴാണ് ശക്തമായി പ്രതികരിച്ചത്.’- ഗൗരിനന്ദ പറയുന്നുണ്ട്.

ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക്(18) എതിരെയാണ് പൊലീസ് കേസ് എടുത്തത്. ക്യൂവിൽ നിന്നതിന് പെറ്റി ലഭിച്ചയാളും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരി കാര്യം തിരക്കിയപ്പോൾ പൊലീസ് ഗൗരിക്ക് എതിരെയും പെറ്റി എഴുതാൻ ശ്രമിച്ചെന്നും പ്രതിഷേധിച്ചപ്പോൾ അസഭ്യം വിളിച്ചെന്നും കേസ് എടുത്തെന്നുമാണ് ഗൗരിയുടെ പരാതി. കേസ് എടുത്തതിന് എതിരെ സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി എത്തിയത്.

കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പോലീസ് അമിതാധികാരം പ്രയോഗിക്കുന്നുണ്ട്. സംഭവം നടക്കുമ്പോൾ സമീപത്ത് തന്നെ ഒരു പാർട്ടിയുടെ ജാഥയും നടക്കുന്നുണ്ടായിരുന്നു. അവർക്കെതിരെ എന്തേ നടപടിയില്ലേ എന്ന് ചോദിച്ചപ്പോൾ എന്നെ പഠിപ്പിക്കാൻ നിൽക്കേണ്ട, അത് ഞാൻ തീരുമാനിക്കുമെന്നാണ് പോലീസ് പറഞ്ഞതെന്നും ഗൗരി പറയുന്നുണ്ട്. തിരക്കുള്ള സമയത്ത് ബാങ്കിൽ ഇടപാടിനെത്തിയ ഒരു മുതിർന്ന വ്യക്തിക്ക് സാമൂഹിക അകലം പാലിച്ചില്ലെന്ന് കാണിച്ച് പോലീസ് നോട്ടീസ് നൽകി.

Also read

വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും ; ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമാണെന്ന് തുറന്ന് പറഞ്ഞ് മേതിൽ ദേവിക

ചടയമംഗലം എസ്ഐയുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനെത്തിയ സംഘമാണ് നോട്ടീസ് നൽകിയത്. തുടർന്ന് നോട്ടീസ് നൽകിയ വ്യക്തിയും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ സമയം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തിയ ഗൗരി വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്കും പോലീസ് നോട്ടീസ് നൽകി. ഇതോടെ വാക്ക് തർക്കം പോലീസുകാരും പെൺകുട്ടിയും തമ്മിലായി.

സാമൂഹിക അകലം പാലിക്കാത്തതിനാണ് നോട്ടീസ് നൽകുന്നതെങ്കിൽ പോലീസിന് എന്തുകൊണ്ട് നോട്ടീസ് നൽകുന്നില്ലെന്ന് ഗൗരി ചോദിച്ചു. നോട്ടീസ് കൈപറ്റാനും ഗൗരി തയ്യാറായില്ല. ഇതോടെയാണ് പെൺകുട്ടിക്കെതിരെ കേസെടുക്കുന്ന നടപടിയിലേക്ക് പോലീസ് കടന്നത്.

Advertisement