സൂപ്പര്‍താരം മെസി പുറത്ത്, കരുത്തു തെളിയിക്കാന്‍ പുതിയ അര്‍ജന്റീന വരുന്നു

5

ബ്യൂണസ് ഐറിസ്: ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിയടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം അടുത്ത മാസം നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ നിന്നും പുറത്ത്. ഗ്വാട്ടിമാലക്കും കൊളംബിയക്കുമെതിരെ അമേരിക്കയില്‍ വച്ചു നടക്കുന്ന മത്സരങ്ങളില്‍ നിന്നാണ് ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന പ്രമുഖ താരങ്ങളെ ഒഴിവാക്കി അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചത്. ഇതു കൂടാതെ ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന മറ്റു രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിലും ഈ താരങ്ങള്‍ ഇടം പിടിച്ചിട്ടില്ല. മെസിയെ കൂടാതെ അഗ്യൂറോ, ഹിഗ്വയ്ന്‍, എവര്‍ ബനേഗ, ഒട്ടമെന്റി, ഡി മരിയ, റോഹോ എന്നിവരാണ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങള്‍. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ക്കു വിശ്രമം നല്‍കുന്നതിനു വേണ്ടിയാണ് അവരെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്നാണ് സൂചനകള്‍.

Advertisements

ഈ വര്‍ഷം അജന്റീന ടീമില്‍ നിന്നും മെസി മാറി നില്‍ക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതു ശരി വച്ചാണ് അര്‍ജന്റീനയുടെ താത്കാലിക പരിശീലകന്‍ സ്‌കൊളാനി ടീമിനെ പ്രഖ്യാപിച്ചത്. മെസിക്ക് ശ്വാസം വിടാന്‍ കുറച്ചു സമയം നല്‍കുന്നതിനാണ് ടീമില്‍ നിന്നും താരത്തെ ഒഴിവാക്കുന്നതെന്ന് പ്രഖ്യാപനത്തിനു ശേഷം സ്‌കൊളാനി പറഞ്ഞിരുന്നു. മെസി കളിക്കാനിറങ്ങുന്നതിനാല്‍ അര്‍ജന്റീനക്കു അധിക വരുമാനം ലഭിക്കുന്നതു കൊണ്ട് എല്ലാ മത്സരങ്ങളിലും താരത്തെ പണിയെടുപ്പിക്കേണ്ടതില്ലെന്നും സ്‌കൊളാനി പറഞ്ഞു. അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങളില്‍ മെസി ഇനി കളിക്കാനിറങ്ങാന്‍ സാധ്യതയില്ലെന്നും പ്രധാന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് താരം ദേശീയ ടീമിനു വേണ്ടി കളിക്കാനിറങ്ങുവെന്ന സൂചനകളാണ് പരിശീലകന്‍ നല്‍കുന്നത്.

മെസിയുടെയും പ്രധാന താരങ്ങളുടെയും അഭാവത്തില്‍ കഴിവു തെളിയിക്കാന്‍ നിരവധി മികച്ച താരങ്ങള്‍ അര്‍ജന്റീന ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ലോകകപ്പ് ടീമില്‍ നിന്നും പുറത്തായിരുന്ന ഇകാര്‍ഡി, യുവന്റസ് സൂപ്പര്‍ താരം ഡിബാല, ഇന്റര്‍മിലാന്റെ പുതിയ താരോദയം ലുവാതരോ മാര്‍ട്ടിനസ്, അത്‌ലറ്റികോ മാഡ്രിഡ് പരിശീലകന്‍ സിമിയോണിയുടെ മകന്‍ ജിയോവാനി സിമിയോണി എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കു പുറമേ ഗോള്‍കീപ്പര്‍ റൊമേറോ, മധ്യനിര താരം ലൊ സെല്‍സോ, ക്രിസ്റ്റന്‍ പവോണ്‍ എന്നിവരും ടീമിലുണ്ട്.

Advertisement