മൂന്നാം ഏകദിനത്തിലും തകര്‍പ്പന്‍ ജയം: തോല്‍വിയറിയാതെ ന്യൂസിലന്‍ഡിനെതിരായ പരമ്പര നേടി ഇന്ത്യന്‍ സിംഹങ്ങള്‍

14

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് 7 വിക്കറ്റിന് ജയം. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ത്തിന് മുന്നില്‍. ന്യൂസിലന്‍ഡില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ഇനി രണ്ട് ഏകദിനങ്ങളാണ്‌ മാത്രമാണ് അവശേഷിക്കുന്നത്.

രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മ-വിരാട് കോലി സെഞ്ചുറി കൂട്ടുകെട്ടും നാലാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിന്റേയും ദിനേശ് കാര്‍ത്തിക്കിന്റേയും തകര്‍പ്പന്‍ ബാറ്റിങ്ങുമാണ്‌ ഇന്ത്യയുടെ വിജയം അനായാസാമാക്കിയത്. 42 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം.

Advertisements

244 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 39 റണ്‍സിനിടയില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടപ്പെട്ടു. 27 പന്തില്‍ 28 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും സ്വപ്‌നതുല്ല്യമായ കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഇരുവരും 113 റണ്‍സ് പടുത്തുയര്‍ത്തി.

77 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്‌സുമടിച്ച് 62 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കി സാന്റ്‌നെര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ വിരാട് കോലിയും പുറത്തായി. 74 പന്തില്‍ ആറു ഫോറും ഒരു സിക്‌സുമടക്കം 60 റണ്‍സെടുത്ത കോലി ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചാണ് ക്രീസ് വിട്ടത്. ഇന്ത്യന്‍ ക്യാപ്റ്റനെ ബൗള്‍ട്ട് നിക്കോള്‍സിന്റെ കൈയിലെത്തിക്കുകയായിരുന്നു.

പിന്നാലെ നാലാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവും ദിനേശ് കാര്‍ത്തിക്കും ഒത്തുചേരുകയായിരുന്നു. 42 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സുമടക്കം 40 റണ്‍സോടെ റായുഡുവും 38 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സുമടക്കം 38 റണ്‍സുമായി കാര്‍ത്തിക്കും പുറത്താകാതെ നിന്നു. ഇരുവരും നാലാം വിക്കറ്റില്‍ വേര്‍പിരിയാതെ 77 റണ്‍സ് കൂട്ടുകെട്ടാണുണ്ടാക്കിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ 49 ഓവറില്‍ 243 റണ്‍സിന് എല്ലാവരും പുറത്തായി. 93 റണ്‍സെടുത്ത റോസ് ടെയ്ലറാണ് കിവീസിന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി ഷമി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പാണ്ഡ്യ, ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ന്യൂസീലന്‍ഡിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തില്‍ ഏഴ് റണ്‍സടിച്ച മണ്‍റോയെ മുഹമ്മദ് ഷമി രോഹിത് ശര്‍മ്മയുടെ കൈയിലെത്തിക്കുകയായിരുന്നു. ഏഴാം ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ക്രീസ് വിട്ടു. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച്.

മൂന്നാം വിക്കറ്റില്‍ റോസ് ടെയ്ലറുമായി 33 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി കെയ്ന്‍ വില്ല്യംസണും ക്രീസ് വിട്ടു. 48 പന്തില്‍ 28 റണ്‍സെടുത്ത വില്ല്യംസണിനെ മനോഹരമായൊരു ക്യാച്ചിലൂടെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു. ചാഹലിനാണ് വിക്കറ്റ്.

ഇതോടെ കിവീസിന് 59 റണ്‍സിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നീട് നാലാം വിക്കറ്റില്‍ ടോം ലാഥമും റോസ് ടെയ്ലറും ആതിഥേയരെ കര കയറ്റുകയായിരുന്നു. 119 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 64 പന്തില്‍ 51 റണ്‍സടിച്ച ലാഥമിനെ പുറത്താക്കി ചാഹല്‍ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.

ലാഥം പുറത്തായ ശേഷം കിവീസ് വിക്കറ്റുകള്‍ പെട്ടെന്ന് വീണു. എട്ട് പന്ത് മാത്രം നേരിട്ട നിക്കോള്‍സ് ആറു റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ പുറത്തായി. സാന്റ്നറിനും അധികം ആയുസുണ്ടായിരുന്നില്ല.

മൂന്ന് റണ്‍സെടുത്ത സാന്റ്നറേയും പാണ്ഡ്യ പുറത്താക്കി. അടുത്ത ഊഴം ടെയ്ലറുടേതായിരുന്നു. തന്റെ രണ്ടാം സ്പെല്ലില്‍ ടെയ്ലറെ ഷമി കാര്‍ത്തിക്കിന്റെ കൈയിലെത്തിച്ചു. അപ്പോഴേക്കും 106 പന്തില്‍ ഒമ്പത് ഫോറിന്റെ സഹായത്തോടെ ടെയ്ലര്‍ 93 റണ്‍സടിച്ചിരുന്നു.

ഇഷ് സോധിയേയും(12) ഷമി തിരിച്ചയപ്പോള്‍ ബ്രെയ്സ്വെല്ലിനെ (15) കോലി റണ്‍ഔട്ടാക്കി. രണ്ട് റണ്‍സെടുത്ത ട്രെന്റ് ബോള്‍ട്ടിനെ ഷമിയുടെ കൈയിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ കിവീസ് ഇന്നിങ്സിന് തിരശ്ശീലയിട്ടു. രണ്ട് റണ്‍സോടെ ഫെര്‍ഗൂസന്‍ പുറത്താകാതെ നിന്നു.

Advertisement