ബല്ലാത്ത പഹയൻ: ഇതിഹാസങ്ങളെ പിന്നിലാക്കി ആ ചരിത്രനേട്ടവും സ്വന്തമാക്കി വിരാട് കോഹ്‌ലി

22

ക്രിക്കറ്റിൽ റെക്കോർഡുകൾ മറികടക്കുന്നത് ശീലമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി. പിന്നിലാക്കിയതാകട്ടെ മഹാരഥൻമരായ സച്ചിൻ ടെൻഡുൽക്കറെയും ബ്രയാൻ ലാറയെയും.

ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡിസിനെതിരെ 37 റൺസ് നേടിയതോടെ രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 20000 റൺസ് പിന്നിടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോഹ്‌ലിക്ക് സ്വന്തമാക്കി. ടെസ്റ്റിലും ഏകദിനത്തിലും ട്വൻറി-20യിലുമായി 417 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോഹ്‌ലി 20000 റൺസ് പിന്നിട്ടത്.

Advertisements

453 ഇന്നിംഗ്‌സുകളിൽ നിന്നായിരുന്നു സച്ചിനും ലാറയും 20000 രാജ്യാന്തര റൺസെന്ന നേട്ടം പിന്നിട്ടത്. 468 ഇന്നിംഗ്‌സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്.

രാജ്യാന്തര ക്രിക്കറ്റിൽ 20000 റൺസ് ക്ലബ്ബിലെത്തുന്ന പന്ത്രണ്ടാമത്തെ ബാറ്റ്‌സ്മാനുമാണ് കോഹ്‌ലി. സച്ചിനും(34,357 റൺസ്)ദ്രാവിഡിനും(24,208) ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനും.

ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ 18 റൺസെടുത്ത് പുറത്തായ കോഹ്‌ലി ഓസ്‌ട്രേലിയക്കെതിരെ 82 ഉം പാക്കിസ്ഥാനെതിരെ 77 ഉം അഫ്ഗാനെതിരെ 67ഉം റൺസടിച്ച് മികവ് കാട്ടിയിരുന്നു. ലോകകപ്പിനിടെ ഏകദിനത്തിൽ കോലി 11,000 ക്ലബിലെത്തിയിരുന്നു.

ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയ കോഹ്‌ലി മറികടന്നതും സച്ചിനെയാണ്. 11000 റൺസെടുക്കാൻ സച്ചിന് 276 ഇന്നിംഗ്‌സ് വേണ്ടിവന്നപ്പോൾ 222-ാം ഇന്നിംഗ്‌സിൽ കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കി.

Advertisement