കാറ്റിൽ നിലം പൊത്തിയ വൈദ്യുതി ടവർ ശരിയാക്കാൻ പോകവേ ചാവക്കാട് പുന്നയൂർക്കുളത്ത് കെഎസ്ഇബി അസിസ്റ്റന്റ് എൻജീനയർ മുങ്ങി മരിച്ചു

39

തൃശൂർ: കാറ്റിൽ നിലം പൊത്തിയ വൈദ്യുതി ടവറിന്റെ അറ്റകുറ്റപണിക്കായി പോകവേ തൃശൂർ ചാവക്കാട് പുന്നയൂർക്കുളത്ത് കെഎസ്ഇബി അസിസ്റ്റന്റ് എൻജീനയർ മുങ്ങി മരിച്ചു. കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എൻജിനീയർ ബൈജു ആണ് മരിച്ചത്.

വൈദ്യുതി ടവറിന്റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞാണ് അപകടം ഉണ്ടായത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ് തോണിയിലുണ്ടായിരുന്നത്. അതേ സമയം സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒൻപത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisements

പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് 30 ശതമാനത്തിൽ താഴെയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദവും കേരള തീരത്തുള്ള ന്യൂനമർദ പാത്തിയുമാണ് സംസ്ഥാനത്ത് അതിതീവ്ര മഴക്ക് കാരണം.

ഇന്നും നാളെയും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അതി തീവ്രമഴയുണ്ടാകും. നാളെ രാത്രിയോടെ മഴ കുറയുമെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം പതിനഞ്ചാം തിയ്യതിയോടെ മഴയുടെ ശക്തി കൂട്ടും.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർടാണ് ഉള്ളത്. പാലക്കാട് ആലത്തൂർ, വയനാട് മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.

ചെറുതോണി ഡാമിൽ 30 ശതമാനം മാത്രമേ വെള്ളമുള്ളൂ. ശബരിഗിരിയിൽ 25 ശതമാനമാണ് ഉള്ളത്. മലങ്കര, കല്ലാർ, കക്കയം, പാമ്പറ തുടങ്ങിയ ചെറിയ ഡാമുകൾ മാത്രമാണ് സംസ്ഥാനത്ത് തുറന്നിട്ടുള്ളത്. പ്രധാന ഡാമുകളിൽ സംഭരണ ശേഷി ബാക്കിയുള്ളതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.

Advertisement