സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; വെട്ടിലായി ഗള്‍ഫിലെ രക്ഷിതാക്കള്‍

40

ദുബായ്: പത്താം ക്ലാസിലെ സിബിഎസ്ഇ കണക്ക് പരീക്ഷ റദ്ദാക്കിയത് ഗള്‍ഫിലെ രക്ഷിതാക്കളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. പരീക്ഷ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് നാട്ടിലേക്ക് പോകാനിരുന്നവരും വിദേശത്ത് അവധി ആഘോഷിക്കാന്‍ ഒരുങ്ങിയവര്‍ക്കുമാണ് തിരിച്ചടിയായത്. പന്ത്രണ്ടാം ക്ലാസുകളിലെ ഇക്കണോമിക്‌സ് പരീക്ഷ എഴുതിയവരും വെട്ടിലായി.

Advertisements

അവസാന ദിവസ പരീക്ഷയും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ ഇരുന്നവര്‍ക്കാണ് സിബിഎസ്ഇയുടെ പുതിയ തീരുമാനം തിരിച്ചടിയായത്. പരീക്ഷ കഴിയുന്നതും കണക്കാക്കി അവധിയും കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റും നേരത്തെ തരപ്പെടുത്തിയവര്‍ക്ക് അവധി റദ്ദാക്കേണ്ടിവരും. കൂടാതെ പരീക്ഷാ തീയതിക്കനുസരിച്ച് ടിക്കറ്റ് മാറ്റിയെടുക്കുമ്പോള്‍ കൂടുതല്‍ തുക നല്‍കേണ്ടിവരുന്നതും പ്രയാസപ്പെടുത്തുന്നു.

പരീക്ഷ അവസാനിച്ചുവെന്ന് ആശ്വസിച്ചിരിക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷാപ്പേടിയും ഇതോടെ വര്‍ധിച്ചു. താരതമ്യേന എളുപ്പമായിരുന്ന പരീക്ഷ വീണ്ടും നടത്തുമ്പോള്‍ കടുകട്ടിയായിരിക്കുമെന്ന ആശങ്കയും വിദ്യാര്‍ഥികള്‍ പങ്കുവച്ചു. മക്കളോട് വീണ്ടും പഠിക്കാന്‍ പറയുന്നതിലെ വിഷമമാണ് ചില മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ കൂടുതല്‍ മാര്‍ക്കു നേടാനുള്ള അവസരമായി ഇതിനെ കാണണം എന്നു പറഞ്ഞാണ് മറ്റു ചിലര്‍ മക്കളെ ആശ്വസിപ്പിക്കുന്നത്.

Advertisement