അവിടെയും പാര: യുഎഇ നല്‍കുന്ന 700 കോടി സഹായം വേണ്ടെന്ന നിലപാടുമായി കേന്ദ്രം

26

ന്യൂഡല്‍ഹി: കലിതുള്ളി പെയ്ത മഴയില്‍ തകര്‍ന്നു പോയ കേരളത്തിന് യുഎഇയില്‍ നിന്നുള്ള സഹായധനം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. യുപിഎ കാലത്തുണ്ടായ നയമാണ് തടസമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് യു.പി.എ സര്‍ക്കാരിന്റെ നയം മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വായ്പയായി മാത്രമേ പണം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിനാണെങ്കില്‍ യു.എ.ഇയില്‍ നിന്ന് നേരിട്ട് വായപയെടുക്കാനും സാധിക്കില്ല.

കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം പറയുന്നത്. നിലവില്‍ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് നയമില്ല. വിദേശ ഏജന്‍സികളുടെ സഹായം സ്വീകരിക്കാറുള്ളത് വായ്പയായി മാത്രമാണെന്നും കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

യുപിഎ കാലത്ത് പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രം വിദേശസഹായം നിരസിച്ചിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. സുനാമിക്കു ശേഷമവും ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടില്ല. ഉത്തരാഖണ്ഡ് പ്രളയകാലത്ത് അമേരിക്കന്‍ സഹായം യുപിഎ നിരസിച്ചുവെന്ന് കേന്ദ്രം പറയുന്നു. നിലവിലുണ്ടായിരിക്കുന്ന ദുരന്തം നേരിടാന്‍ കേന്ദ്രത്തിനും ഒപ്പം സംസ്ഥാനത്തിനും കരുത്തുണ്ടെന്ന വിലയിരുത്തലാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഈയൊരു സാഹചര്യത്തില്‍ വിദേശത്ത് നിന്ന് സഹായം സ്വീകരിക്കേണ്ടെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയാല്‍ യു.എ.ഇയുടെ സഹായധനം ഒരുപക്ഷെ നിരസിക്കപ്പെട്ടേക്കും.

Advertisement