കഴിഞ്ഞ നാലുദിവസം ഞങ്ങള്‍ക്കിത് വീടായിരുന്നു! അപ്പോള്‍ എങ്ങനെ അത് വൃത്തികേടാക്കി മടങ്ങാന്‍ സാധിക്കും; ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീണ്ടും നന്മ വാര്‍ത്ത

25

കൊച്ചി: കഴിഞ്ഞ നാലഞ്ച് ദിവസങ്ങളായി കേരളത്തിലെ നല്ലൊരു ശതമാനം ആളുകളുടെയും ജീവിതം സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലായിരുന്നു. തങ്ങള്‍ക്കായി തങ്ങളുടെ കരുതലുള്ള സഹോദരങ്ങള്‍ ഒരുക്കി നല്‍കിയ പാര്‍പ്പിടവും ഭക്ഷണവും അവരുടെ നല്ല വാക്കുകളുമെല്ലാമായി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങാനുള്ള കരുത്ത് പലരും നേടുകയും ചെയ്തു.

വെള്ളം ഇറങ്ങി തുടങ്ങിയതോടെ പലരും ക്യാമ്പുകളില്‍ നിന്ന് മടങ്ങുകയും ചെയ്തു. എന്നാല്‍ തീരാനഷ്ടങ്ങളുടെ വേദനയ്ക്കിടയിലും അവര്‍ അഭയം തന്ന കേന്ദ്രങ്ങളെ മറന്നില്ല എന്ന നല്ല വാര്‍ത്തയും കാഴ്ചയുമാണ് പലയിടങ്ങളില്‍ നിന്നും പുറത്തു വരുന്നത്.

Advertisements

തിരിച്ചുപോകുമ്പോള്‍ സ്വന്തം വീടുപോലെ അവിടമെല്ലാം മനോഹരമായി വൃത്തിയാക്കിയാണ് അവര്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ നിന്നും മടങ്ങിയത്. പ്രളയക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ കൂനമ്മാവിലെ കൊങ്ങോര്‍പിള്ളി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഭയം തേടിയവര്‍ തിരികെപ്പോയപ്പോള്‍ പൊടിപോലും അവശേഷിപ്പിക്കാതെ സ്‌കൂള്‍ വൃത്തിയാക്കിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.

ചിത്രം പങ്കുവച്ചുകൊണ്ട് അന്തേവാസികളില്‍ ഒരാള്‍ കുറിച്ചതിങ്ങനെ..’കഴിഞ്ഞ നാലുദിവസം ഇത് എനിക്കെന്റെ വീടായിരുന്നു. എങ്ങനെ അത് വൃത്തികേടാക്കി മടങ്ങാനാവും? നമ്മള്‍ നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കില്ലേ?’

സ്‌കൂളിലെ നാലാം നിലയില്‍ 1200 പേരാണ് അഭയം തേടിയത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരിതം നേരിടുമ്പോഴും നിശ്ചയദാര്‍ഢ്യത്തോടെയും ഒരുമയോടെയും മുന്നേറാന്‍ കേരളം പഠിച്ചു കഴിഞ്ഞു എന്നതിന് തെളിവാണ് ഇതും.

Advertisement