ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി; പ്രതി റോഷന്‍ കസ്റ്റഡിയില്‍

11

കൊല്ലം: ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി. പ്രതി മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുത്തു.

മുംബൈയില്‍ നിന്നാണ് കേരള പൊലീസിന്റെ ഷാഡോ സംഘമാണ് ഇരുവരെയും കണ്ടെത്തിയത്. ഒരാഴ്ച്ച മുന്‍പാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

Advertisements

നാല് ദിവസത്തിന് മുന്‍പാണ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. ഫോണ്‍കോളുകള്‍ പരിശോധിച്ച്‌ അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയില്‍ എത്തിയത്.

പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് പെണ്‍കുട്ടിയുടെ കുടുംബം വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച്‌ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോക്‌സോ വകുപ്പ് പ്രകാരമാണ് റോഷനെതിരെ കേസെടുത്തിരുന്നത്.

കൊല്ലം സിറ്റി പൊലീസിന്റെയും കരുനാഗപ്പള്ളി പൊലീസിന്റെ.യും രണ്ടു സംഘങ്ങള്‍ കഴിഞ്ഞ രണ്ടുദിവസമായി മഹാരാഷ്ട്രയിലുണ്ടായിരുന്നു.

ഓച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെയാണ് കാണാതായത്. ഈ മാസം 18ന് രാത്രി പെണ്‍കുട്ടിയെയും കൊണ്ട് റോഷന്‍ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോയി. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കി അവിടെനിന്നും രാജസ്ഥാനിലേക്ക് പോയി.

അതിനുശേഷമാണ് നാലുദിവസം മുന്‍പ് മഹാരാഷ്ട്രയിലെത്തിയത്. മഹാരാഷ്ട്രയില്‍ റോഷന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇരുവരും കഴിഞ്ഞതെന്നാണ് സൂചന. ഇരുവരുമായി അല്‍പ്പസമയത്തിനകം പൊലീസ് സംഘം കേരളത്തിലേക്ക് തിരിക്കും.

Advertisement