ഗംഭീര ത്രില്ലർ, മമ്മൂട്ടിയും മോഹൻലാലും നായകൻമാർ; ശിശിരത്തിൽ ഒരു പ്രഭാതം

18

മലയാളത്തിൽ ക്ലാസ് സംവിധായകൻ പത്മരാജൻ 1986 ൽ ഒരു ത്രില്ലർ ചിത്രം പ്ലാൻ ചെയ്യുന്ന സമയം. പല കഥകളും ആലോചിച്ചിട്ടും ശരിയാകുന്നില്ല. അങ്ങനെയാണ് സുധാകർ മംഗളോദയം എന്ന ചെറുപ്പക്കാരന്റെ ഒരു കഥയെക്കുറിച്ച് കേട്ടത്.

Advertisements

യഥാർത്ഥത്തിൽ അതൊരു റേഡിയോ നാടകമായിരുന്നു. പേര് ‘ശിശിരത്തിൽ ഒരു പ്രഭാതം’. ഒരു കൊലപാതകവും അതിൽ ഇഴചേർന്നുകിടക്കുന്ന മനുഷ്യബന്ധങ്ങളുടെ തീക്ഷ്ണതയുമായിരുന്നു പ്രമേയം. കഥ പത്മരാജന് വളരെ ഇഷ്ടമായി. ആ കഥ തന്നെ സിനിമയാക്കാൻ അദ്ദേഹം തീരുമാനിച്ചു.

പത്മരാജൻ തിരക്കഥയെഴുതി പൂർത്തിയാക്കിയ ശേഷം സിനിമയ്ക്ക് പേരിട്ടു അറം. എന്നാൽ പേരുമാറ്റണമെന്ന് പലരും പറഞ്ഞു. അറം പറ്റുക എന്ന പ്രയോഗത്തിലെ അന്ധവിശ്വാസമാണ് പേരിനോടുള്ള എതിർപ്പിന് കാരണമായത്. ഒടുവിൽ കരിയിലക്കാറ്റുപോലെ എന്ന കാവ്യാത്മകമായ പേര് പത്മരാജൻ തൻറെ സിനിമയ്ക്ക് നൽകി. 1986ൽ തന്നെ കരിയിലക്കാറ്റുപോലെ റിലീസ് ചെയ്തു.

മമ്മൂട്ടിയും മോഹൻലാലും റഹ്മാനുമായിരുന്നു പ്രധാന താരങ്ങൾ. കാർത്തികയും സുപ്രിയയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹരികൃഷ്ണൻ എന്ന പ്രശസ്തനായ ചലച്ചിത്ര സംവിധായകനായാണ് മമ്മൂട്ടി കരിയിലക്കാറ്റുപോലെയിൽ അഭിനയിച്ചത്. ഹരികൃഷ്ണൻ ഒരു പ്രത്യേക സാഹചര്യത്തിൽ കൊല്ലപ്പെടുന്നു.

ഈ കൊലപാതകക്കേസ് അന്വേഷിക്കാൻ എത്തുന്നത് അച്യുതൻകുട്ടി എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. മോഹൻലാലാണ് അച്യുതൻകുട്ടിയെ അവതരിപ്പിച്ചത്. അക്കാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു കുറ്റാന്വേഷണ സിനിമയായിരുന്നു കരിയിലക്കാറ്റുപോലെ. മമ്മൂട്ടിയുടെയും സുപ്രിയയുടെയും കഥാപാത്രങ്ങളായിരുന്നു കരിയിലക്കാറ്റുപോലെയിൽ ഏറ്റവും സങ്കീർണം.

അവർ ആ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി. അവസാനരംഗത്തിൽ റഹ്മാൻ സ്‌കോർ ചെയ്തു. അമ്മയുടെയും ഹരികൃഷ്ണൻറെയും സംഘർഷജീവിതത്തിൽ ശ്വാസം കിട്ടാതെ പിടയുന്ന ശിൽപ്പ എന്ന പെൺകുട്ടിയായി കാർത്തിക മാറി. തൻറെ ജീവിതത്തെ തന്നെ ഉലച്ചുകളയുന്ന ഒരു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻറെ ആത്മസംഘർഷങ്ങളും കേസ് അന്വേഷണശൈലിയുമൊക്കെ മോഹൻലാൽ ഗംഭീരമാക്കിയപ്പോൾ കരിയിലക്കാറ്റുപോലെ പത്മരാജൻറെ ഇതരസൃഷ്ടികളിൽ നിന്ന് വേറിട്ടുനിന്നു.

Advertisement