മോഹന്‍ലാല്‍ അപമാനിച്ചു, ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ കിട്ടിയില്ല; ആഞ്ഞടിച്ച് രേവതി

37

കൊച്ചി: അമ്മയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഡബ്ല്യുസിസി. ആക്രമക്കപ്പെട്ട നടിയ്ക്ക് പിന്തുണ നല്‍കിയില്ല. സംഭവം നടന്നിട്ട് 15 ദിവസമായിട്ടും ആരും കൂടെ നിന്നില്ല. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനും സംവിധാനം വേണമെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു.

Advertisements

വളരെയധികം അപമാനം നേരിട്ടുവെന്നും ഡബ്ല്യുസിസി പറഞ്ഞു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വെറും നടിമാര്‍ എന്നുവിളിച്ച് അധിക്ഷേപിച്ചെന്ന് രേവതി പറഞ്ഞു. ഇതേവിവേചനമാണ് മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്നത്. ഇനിയും നിശബ്ദരായിരുന്നിട്ട് കാര്യമില്ല. പ്രതിഷേധം അമ്മയോടല്ലെന്നും നീതികേടിനെതിരെയാണെന്നും രേവതി പറഞ്ഞു. രാജിക്കത്ത് തയ്യാറാക്കിയിരുന്നുവെന്ന് നടി പാര്‍വതി പറഞ്ഞു.

പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയില്‍ നിന്ന് പുറത്തും പീഡിപ്പിച്ചയാള്‍ സംഘടനയില്‍ തുരുന്നതും വിവേചനമാണെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ അറിയിച്ചു. അമ്മ ഭാരവാഹികള്‍ കാണിക്കുന്ന നീതി നിഷേധത്തിന് എതിരെയാണ് പ്രതിഷേധം. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഏതാനും ദിവസം മുമ്പ് മോഹന്‍ലാല്‍ നടത്തിയ പത്രസമ്മളേനത്തില്‍ തങ്ങളെ നടിമാര്‍ എന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് തങ്ങളുടെ പേര് പറയാനുള്ള മാന്യത പോലും കാണിച്ചില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു.

അമ്മ സംഘടനയില്‍ ഇപ്പോഴും കുറ്റാരോപിതനുണ്ട്. പീഡനം അനുഭവിച്ച വ്യക്തി പുറത്താണ്. കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് സംഘടന ശ്രമിച്ചത്. യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇടവന്നത്.

ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതില്‍ നടപടി എടുക്കുന്നു. സ്ത്രീകള്‍ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ സിനിമാസംഘടനകള്‍ വാക്കാലെയല്ലാതെ യാതൊരു പിന്തുണയും നല്‍കിയില്ല. തങ്ങള്‍ കുറച്ച് കൂടി പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു.

അഞ്ജലി മേനോന്‍, പാര്‍വതി, രേവതി, സജിത മഠത്തില്‍, ദീദി ദാമോദരന്‍, റീമ കല്ലിങ്കല്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. പ്രതിഷേധ സൂചകമായി ഇവര്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്.

Advertisement