അനിൽ കുംബ്ലെയെ നാണം കെടുത്തിവിട്ട കോഹ്ലി രക്ഷകനാകുമോ? രവി ശാസ്ത്രി പുറത്തേക്ക്, പുതിയ കോച്ചിനായി അപേക്ഷ വിളിക്കും

13

ഇത്തവണത്തെ ലോകകപ്പിൽ ഫൈനൽ കാണാതെ പുറത്തായതോടെ ഇന്ത്യൻ ടീമിലെ സാഹചര്യങ്ങൾ അത്ര പന്തിയല്ല. ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു. ഇതിനു പിന്നാലെ, കോഹ്ലിക്കൊപ്പം നിലകൊള്ളുന്ന പരിശീലകൻ രവി ശാസ്ത്രിയെ നിലനിർത്തണോ എന്ന കാര്യത്തിൽ ബിസിസിഐയിലും ആശങ്ക തുടരുകയാണ്.

Advertisements

കോച്ചിനായി പുതിയ അപേക്ഷ ക്ഷണിക്കുമ്പോൾ അതിനൊപ്പം ശാസ്ത്രിക്കും അപേക്ഷിക്കാം എന്നാണ് ബിസിസിഐ നിലപാട്. ബൗളിംഗ് കോച്ച് ഭരത് അരുൺ, ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗർ, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ എന്നിവരും ഇതേ രീതി പിന്തുടരണം. ലഭിക്കുന്ന അപേക്ഷകളിൽ നിന്നുമാകും പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കുക.

അവിടെ മികച്ച അപേക്ഷകൾ വന്നാൽ ശാസ്ത്രിയടക്കമുള്ള നിലവിലെ സംഘം പുറത്താകും. ലോകകപ്പിന് പിന്നാലെ നിലവിലെ പരിശീലക സംഘത്തിന്റെ കാലാവധി 45 ദിവസത്തേക്ക് നീട്ടിയിരുന്നു. ആഗസ്റ്റ് മൂന്ന് മുതൽ സെപ്റ്റംബർ മൂന്നു വരെയുള്ള വെസ്റ്റ് ഇൻഡീസ് പര്യടനം മുന്നിൽ കണ്ടായിരുന്നു ഈ തീരുമാനം. പിന്നീട് ഇന്ത്യ കളിക്കേണ്ടത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.

പുതിയതായി നിയമിക്കപ്പെടുന്ന പരിശീലക സംഘത്തിന് കീഴിലാവും ഇന്ത്യ പ്രോട്ടീസിനെതിരെ കളിക്കുക.നേരത്തെ 2017ൽ അനിൽ കുംബ്ലെയെ പുറത്താക്കി ശാസ്ത്രിയെ പരിശീലകനാക്കാനുള്ള നീക്കത്തിന് ടീമിൽ ചരട് വലി നടത്തിയത് കോഹ്ലിയാണ്. പുതിയ സാഹചര്യത്തിൽ ഈ പിന്തുണ ശാസ്ത്രിക്ക് ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

അതേസമയം, രോഹിത്തിനൊപ്പം നിൽക്കുന്ന താരങ്ങൾ ശാസ്ത്രിക്ക് എതിരെയാണ് നിലകൊള്ളുന്നതെന്നാണ് റിപ്പോർട്ട്. നിലവിലെ പരിശീലക സംഘത്തെ നീക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് ഈ വിഭാഗമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertisement