15 വര്‍ഷം മുമ്പ് അമ്മ മരിച്ച പെണ്‍കുട്ടിയുടെ വിവാഹം ഉറച്ചപ്പോള്‍ അച്ഛന്റെ രണ്ടാം ഭാര്യ ചെയ്തത്‌

30

എന്റെ അമ്മ മരിച്ചിട്ട് പതിനഞ്ചു വർഷമായി. അച്ഛൻ രണ്ടാമതു വിവാഹം കഴിച്ചു. അപ്പൂപ്പനും അമ്മൂമ്മയുമാണ് എന്നെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ. ഇരുപത്തിയഞ്ചു വയസ്സായി. കല്യാണം നടത്താനുള്ള പൈസയൊന്നും അപ്പൂപ്പന്റെ പക്കലില്ല. അമ്മയുടെ ആഭണങ്ങൾ അച്ഛന്റെ കൈവശമാണ്. അതൊക്കെയൊന്നു മേടിച്ചു തരണേ. പിന്നെ, എന്റമ്മയുടെ സ്ഥലം വിറ്റു കിട്ടിയ ഒന്നരലക്ഷം രൂപയും. ഒറ്റ ശ്വാസത്തിലാണ് ആ പെണ്‍കുട്ടി ഇത്രയും പറഞ്ഞു തീർത്തത്. അങ്കലാപ്പു നിറഞ്ഞ മുഖത്തോടെ എന്റെ കണ്ണുകളിലേക്കു നോക്കിയിരിക്കുകയാണവ‌ൾ.

Advertisements

‘എന്താ കുട്ടിയുടെ പേര്?’ ഞാൻ ചോദിച്ചു‘രശ്മി.’ ‘രശ്മിയുടെ അച്ഛനിപ്പോൾ എവിടെയുണ്ട്? ’ പഴയ അഡ്രസിലും നമ്പറിലുമൊന്നും തിരക്കിയിട്ട് കിട്ടിയില്ല.’‘അഡ്രസും ഫോൺ നമ്പറുമൊന്നുമില്ലാ തെ എങ്ങനെ ആളെ ബന്ധപ്പെടാൻ കഴിയും?’രശ്മിയുടെ മുഖം മങ്ങി.
‘സാരമില്ല, ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ.’ അച്ഛന്റെ രണ്ടാം ഭാര്യയുടെ നാട് എവിടെയാണെന്ന് രശ്മി പറഞ്ഞു തന്നു. രണ്ടാനമ്മയുടെ അകന്ന ബന്ധു മാത്രമേയുള്ളൂ ഇപ്പോൾ ആ നാട്ടിൽ. ബന്ധുവിൽ നിന്നു രണ്ടാനമ്മ മോഹനയുടെ ഫോൺ നമ്പർ സംഘടിപ്പിച്ചു.

‘എന്റെ സാറേ, ഞാനങ്ങേരെക്കൊണ്ടു മടുത്തു. ഏതെങ്കിലുമൊക്കെ പെണ്ണുങ്ങളുമായിട്ടു വിഷയമൊണ്ടാക്കും. അന്നേരം പൊലീസുകാരെന്നെ വിളിക്കും. ഇപ്പം ദേ, വനിതാ കമ്മിഷനുമായി. ഞാനെന്തു ചെയ്യാനാ?’ മോഹന പറഞ്ഞു തുടങ്ങി. ‘നിങ്ങളുടെ ഭർത്താവ് അയാളുടെ ആദ്യ ഭാര്യയിലെ മകൾക്ക് ചെലവിനു കൊടുക്കുന്നില്ല എന്ന കാര്യം നിങ്ങൾക്കറിയാമോ?’
‘അതിന് അങ്ങേരടെ ആദ്യ ഭാര്യേം മകളും മരിച്ചു പോയല്ലോ സാറേ. അതിനുശേഷമാ എ ന്നെ കെട്ടിയത്.’ മോഹനയുടെ സ്വരത്തിൽ പരിഭ്രാന്തി നിറഞ്ഞു. എനിക്ക് ആശയക്കുഴപ്പമായി. ഇവർ പറയുന്നതായിരിക്കുമോ സത്യം? വി.വി.ചന്ദ്രന്റെ മകളാണു രശ്മിയെന്ന് എസ്എസ്എൽസി ബുക്കിലെ രേഖകൾ തെളിയിച്ചു. ഞാൻ വീണ്ടും മോഹനയെ വിളിച്ചു.

‘മോഹന, നിങ്ങളുടെ ഭർത്താവ് വി.വി.ച ന്ദ്രൻ എന്നയാളുടെ ആദ്യ ഭാര്യയിലെ മകളാണ് രശ്മി. ആ കുട്ടിക്ക് ഇതുവരെ നിങ്ങളുടെ ഭ ർത്താവ് ചെലവിനു കൊടുത്തിട്ടില്ല. അയാളെവിടെയുണ്ട്?’ ‘സാറിന്നാളു വിളിച്ച വിവരം ഞാൻ പറഞ്ഞപ്പം ഒരുപാടു ചീത്ത വിളിച്ചു. അന്നു പോയതാ. പിന്നെ, വന്നിട്ടില്ല.’ ‘മോഹന പറഞ്ഞ നമ്പർ പിന്തുടർന്ന് വി.വി.ചന്ദ്രനെ കണ്ടെത്തി. മോഹനയേയും ചന്ദ്രനേയും രശ്മിയേയും വിളിപ്പിച്ചു. നാടകീയ രംഗങ്ങളുണ്ടാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല.‘നിങ്ങളുെട മകൾ പറയുന്നതെല്ലാം ശരിയാണോ’ എന്ന ചോദ്യത്തിന് വിനയത്തോടെ‘ശരിയാ.’ എന്ന മറുപടി.

ഈ കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കേണ്ടത് നിങ്ങളാണ്.’ ‘എല്ലാം ഞാൻ ചെയ്തോളാം. അവളെ ഇ തുവരെ വളർത്തിയത് അവൾടെ അപ്പൂപ്പനും അമ്മൂമ്മേമാണല്ലോ. അവരു കല്യാണമാലോചിച്ച് ഒറപ്പിച്ചോട്ടെ. ചെലവു മുഴുവൻ ഞാൻ ന ടത്തിക്കോളാം.’ ചന്ദ്രൻ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ടു കൊടുത്തു ഇതെല്ലാം. തെളിഞ്ഞ മുഖത്തോടെ ര ശ്മി നന്ദി പറഞ്ഞിറങ്ങി. ഒരക്ഷരം പോലും മിണ്ടാതെ നിറകണ്ണുകളോടെ മോഹനയും .

നാലു മാസത്തിനുശേഷം രശ്മിയുടെ വിവാഹം നിശ്ചയിച്ചു. പയ്യന് ഗൾഫിലാണ് ജോലി. ചന്ദ്രനെ വിവരങ്ങളൊക്കെയറിയിച്ചു. തന്റെ കൈയിൽ മകൾക്കു കൊടുക്കാനുള്ള പണവും ആഭരണങ്ങളും റെഡിയാണെന്ന് അയാൾ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു വിളിച്ചു നോക്കുമ്പോ ൾ ഫോൺ സ്വിച്ച് ഓഫാണ്. ഞാൻ മോഹനയെ വീണ്ടും വിളിച്ചു. ‘ഞാൻ വിളിക്കുമ്പോഴും അങ്ങേരടെ ഫോ ൺ സ്വിച്ചോഫാ.’
രശ്മിയുടെ വിവാഹത്തിനിനി ഒരാഴ്ച മാത്രം. പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചന്ദ്രൻ നാടുവിട്ടു പോയതായി മനസ്സിലായി. ഇനിയെന്തു ചെയ്യും?

രശ്മിയുടെ വരന്റെ വീട്ടുകാരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെന്നു വിചാരിച്ചപ്പോൾ ‘വാക്കു പറഞ്ഞിട്ട് ഇപ്പോഴതെല്ലാം മാറ്റിപ്പറഞ്ഞുകൊണ്ട് എനിക്കു കല്യാണം വേണ്ട’ എന്നു രശ്മി. അവളെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചത്.‘ഞാൻ മോഹനയാ. ഞാനൊരു പത്തു മിനിറ്റിനകം സാറിന്റടുത്തോട്ടു വരികയാ.’ വന്നപാടെ കൈയിലെ പൊതി അവർ രശ്മിയുടെ കൈയിലേക്ക് കൊടുത്തു.

‘എന്റെ ആഭരണങ്ങളാ. രണ്ടുലക്ഷം രൂപേ മൊണ്ട്. ‘മോഹന, ഇതു ചന്ദ്രൻ തന്നതാണോ?’ ‘അയാളൊരു നയാ പൈസാ പോലും തരുകേല. പക്ഷേ, ഈ കൊച്ചിന്റെ കല്യാണം അയാളു കാരണം നടക്കാതെ വരരുത്. അതുകൊണ്ട് ഞാനിതിവൾക്കു കൊടുക്കുകാ.’ രശ്മി മോഹനയുടെ മാറിൽ വീണു പൊട്ടിക്കരഞ്ഞു. അവളുടെ പ്രിയപ്പെട്ട അമ്മ തിരിച്ചു വന്നാലെന്നതു പോലെ.
(ഇതിൽ പരാമർശിച്ചിരിക്കുന്ന പേരുകൾ യഥാർഥമല്ല)

(സംസ്ഥാന വനിതാകമ്മിഷൻ അംഗം ജെ. പ്രമീളാദേവി ജീവിതത്തിൽ താൻ കണ്ടുമുട്ടിയ,ഒരിക്കലും മറക്കാനാകാത്തചിലസ്ത്രീ ജീവിതങ്ങൾ വരച്ചിടുന്ന ‘വനിത’യിലെ ലേഖനത്തില്‍ നിന്നും)

Advertisement