പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഉണ്ണി മുകുന്ദനെതിരെ യുവതി കോടതിയില്‍ മൊഴി നല്‍കി

51

കൊച്ചി: സിനിമാ നടന്‍ ഉണ്ണി മുകുന്ദന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പരാതിക്കാരിയായ യുവതി എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ രഹസ്യവിചാരണയാണ് നടക്കുന്നത്. 2017ല്‍ തിരക്കഥയുമായി ഉണ്ണി മുകുന്ദന്റെയടുത്ത് സിനിമാ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 23ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

സംഭവത്തെക്കുറിച്ച്‌ പരാതിക്കാരിയുടെ വാക്കുകള്‍

Advertisements

ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാന്‍ വേണ്ടി ഞാന്‍ ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദന്‍ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോണ്‍ വിളിച്ചാണ കാണാന്‍ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടില്‍ ഉണ്ണിയെ കാണാന്‍ എത്തി.

മലയാള സിനിമയില്‍ ഇത്രയും വിശ്വസ്തനായ പയ്യന്‍ ഇല്ലെന്ന സുഹൃത്തിന്റെ ഉറപ്പിലാണ് ഉണ്ണിമുകുന്ദന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ ഞാന്‍ തനിച്ച്‌ പോയത്. കഥ കേള്‍ക്കാന്‍ അയാള്‍ക്ക് താല്‍പര്യമില്ലായിരുന്നു. സക്രിപ്റ്റ് കൊണ്ടുവരാന്‍ പറഞ്ഞു. അത് കൊണ്ടുവരാം എന്ന് പറഞ്ഞ് പോകാന്‍ എഴുന്നേറ്റ എന്നെ അയാള്‍ കയറിപ്പിടിച്ചു.

ഇയാളുടെ പ്രവൃത്തി കണ്ട് ഞാന്‍ ഞെട്ടിപ്പോയി. വേണ്ട എന്ന് പറഞ്ഞ് പ്രതിരോധിച്ചപ്പോള്‍ അയാളുടെ മുഖത്ത് ചിരിയായിരുന്നു. ആദ്യം പ്രതിരോധിച്ചാലും പിന്നീട് സമ്മതിക്കുമെന്നാണ് അയാള്‍ കരുതിയത്. അതോടെ ഞാന്‍ ബഹളം വെച്ചു.

അപ്പോഴാണ് അയാള്‍ക്ക് ഇത് കളിയല്ല, കാര്യമാണെന്ന് മനസിലായത്. അതോടെ അയാള്‍ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാന്‍ പോകുന്നുവെന്ന് പറഞ്ഞു. കഥ കേള്‍ക്കാന്‍ അയാള്‍ തയാറാകാത്തതിനാല്‍ പത്ത് മിനിറ്റ് സമയമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ.

ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച്‌ ഉടന്‍ തന്നെ ഞാന്‍ ലുലുവിലെത്തി.

എന്നെ കണ്ടപ്പോള്‍ തന്നെ സുഹൃത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലായി. പ്രശ്‌നം പറഞ്ഞപ്പോള്‍ അവനെ പോയി അടിക്കണോ അതോ പൊലീസില്‍ പോകണോ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ ആകെ ഷോക്കിലായിരുന്നു. പ്രശ്‌നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണില്‍ വിളിച്ചു.

ഞാന്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു. സുഹൃത്തിന്റെ ഫോണില്‍ വിളിച്ച്‌ അയാള്‍ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാല്‍ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല. സെപ്റ്റംബര്‍ 15ന് ഉള്ളില്‍ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി പരാതി നല്‍കി.

കോടതി കെട്ടിടം മാറുന്നതിനാല്‍ രഹസ്യമൊഴിയെടുക്കാന്‍ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവര്‍ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കില്‍ ഉടന്‍ നല്‍കാനാകുമെന്നും പറഞ്ഞു. എന്നാല്‍ രഹസ്യമൊഴി നല്‍കാനാണ് ഞാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഒക്‌ടോബര്‍ ഏഴിന് കോടതിയില്‍ എത്തി രഹസ്യമൊഴിയും നല്‍കി.

പരാതിയുമായി മുന്നോട്ടുപോകുന്നതില്‍ എന്റെ രക്ഷിതാക്കള്‍ എതിരായതിനാല്‍ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നല്‍കിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബര്‍ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ പറഞ്ഞു.

മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയില്‍ എത്തിയ ഉണ്ണിയെ രണ്ടാള്‍ ജാമ്യത്തിലാണ് കോടതി വിട്ടയച്ചത്. പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അകത്ത് കിടക്കുമായിരുന്നു. ഒരാളെയും തകര്‍ക്കാനല്ല, എനിക്ക് നീതി കിട്ടണം. ഒരാളോടും ഭാവിയില്‍ ഉണ്ണിമുകുന്ദന്‍ ഇങ്ങനെ പെരുമാറരുതെന്നുമായിരുന്നു പരാതിക്കാരിയുടെ വാക്കുകള്‍

Advertisement