ആദ്യം മധുരരാജ, ഇപ്പോൾ മാമാങ്കം: 2019ൽ 100 കോടികളുടെ തോഴനായി മമ്മൂട്ടി

10

ബോക്‌സോഫീസിൽ രാജാവായി സ്ഥിരമായി നിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മലയാള സിനിമയിൽ പ്രത്യേകിച്ചും. എന്നാൽ, മമ്മൂട്ടിച്ചിത്രങ്ങൾ എപ്പോഴും ബോക്‌സോഫീസിൽ സജീവമായ തരംഗമായി മാറാറുണ്ട്.

ഈ വർഷത്തെ കാര്യം തന്നെയെടുക്കാം. നൂറുകോടി ക്ലബിൽ രണ്ട് മമ്മൂട്ടിച്ചിത്രങ്ങളാണ് ഇടംപിടിക്കുന്നത്.
കഴിഞ്ഞ ദിവസം റിലീസായ ‘മാമാങ്കം’ നാലുദിവസം കൊണ്ട് വാരിക്കൂട്ടിയത് 60 കോടിക്കുമുകളിലാണ്. ഉടൻ തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിക്കുമെന്നതിൽ സംശയമൊന്നുമില്ല.

Advertisements

ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തിയ മലയാള ചിത്രമായി മാമാങ്കം മാറാനൊരുങ്ങുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്ത ഈ ഇമോഷണൽ ത്രില്ലർ നാലുഭാഷകളിൽ, നാൽപ്പതിലധികം രാജ്യങ്ങളിലായി രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്.

ഈ വർഷം വിഷു റിലീസായി പ്രദർശനത്തിനെത്തിയ മധുരരാജയുടെ ബജറ്റ് 27 കോടി രൂപയായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ഈ മമ്മൂട്ടി എൻറർടെയ്‌നർ നേടിയത് 104 കോടി രൂപ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായെത്തിയ ഈ സിനിമയിൽ മമ്മൂട്ടി കസറിയപ്പോൾ ബോക്‌സോഫീസിൽ കോടിക്കിലുക്കമുണ്ടായി.

ഉണ്ടയുടെ സൂപ്പർഹിറ്റ് വിജയവും അന്യഭാഷകളിൽ പേരൻപ്, യാത്ര തുടങ്ങിയ സിനിമകളുടെ വൻ വിജയവും മമ്മൂട്ടിയുടെ താരമൂല്യമുയർത്തി. ഈ വർഷത്തെ ഏറ്റവും മികച്ച 10 സിനിമകൾ ഐ എം ഡി ബി തെരഞ്ഞെടുത്തപ്പോൾ അതിൽ ഒന്നാമത് മമ്മൂട്ടിയുടെ പേരൻപ് ആണ്.

Advertisement