കെപിഎസി ലളിതയുടെ ആ വെട്ട് ശ്വേത മേനോന്റെ വലത്തേകൈക്കാണ് കൊണ്ടത്, രക്തം ചീറ്റിത്തെറിക്കുന്നതാണ് ഞങ്ങളെല്ലാവരും കണ്ടത് : സംവിധായകൻ വി.എം. വിനു

206

കെപിഎസി ലളിതയുടെ വിയോഗം ഇന്നും മലയാളികൾക്ക് വിശ്വസിയ്ക്കാനായിട്ടില്ല. ഈ ലോകത്തിൽ ചെയ്ത വേഷങ്ങളെല്ലാം ഭദ്രമാക്കി, അഭിനയം പൂർത്തിയാക്കി, ജീവിതത്തിനു കട്ട് പറഞ്ഞ് അരങ്ങൊഴിഞ്ഞ കെപിഎസി ലളിത. സ്വന്തം വീട്ടിലുള്ള ആരോ ഒരാൾ മരിച്ചതുപോലെ ദുഃഖിതരാണ് ഓരോ മലയാളിയും.

കോഴിക്കോട് നഗരത്തിലെ കുടുംബശ്രീ പ്രവർത്തകയായി കെപിഎസി ലളിത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് പെൺപട്ടണം. നഗരത്തിലെ മാലിന്യനീക്കം കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുത്ത കാലം. സംസ്ഥാനത്താദ്യമായി ഇത്തരത്തിൽ ഒരു പ്രവർത്തനം തുടങ്ങിയത് കോഴിക്കോട്ടായിരുന്നു.

Advertisements

ALSO READ

വീണ നായരുടെ ശസ്ത്രക്രിയ പൂർത്തിയായി ; നിങ്ങളുടെ വലിയ സ്‌നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ലെന്ന് നടി

മാലിന്യം നീക്കുന്ന തൊഴിലെടുക്കുന്ന വ്യത്യസ്ത പ്രായപരിധിയിലുള്ള നാല് കുടുംബശ്രീ പ്രവർത്തകരുടെ കഥയാണ് പെൺപട്ടണം പറഞ്ഞത്. രേവതി അവതരിപ്പിച്ച വിധവ ഗിരിജ, ശ്വേത മേനോന്റെ സുഹറ, വിഷ്ണുപ്രിയയുടെ രാജി എന്നീ കഥാപാത്രങ്ങളെ മുന്നിൽനിന്നു നയിക്കുന്നത് കെപിഎസി ലളിത അവതരിപ്പിച്ച ‘ശാന്തേടത്തി’യെന്ന കഥാപാത്രമാണ്. രഞ്ജിത്തിന്റെ കഥയെ അടിസ്ഥാനമാക്കി ടി.എ. റസാഖ് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് വി.എം.വിനുവാണ്.

കോഴിക്കോട് നഗരത്തിലെ കുടുംബശ്രീപ്രവർത്തകയായി കെപിഎസി ലളിതയെത്തിയ പെൺപട്ടണത്തിന്റെ സംവിധായകൻ വി.എം. വിനു അന്നത്തെ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞ വാകക്ുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

” ലളിതച്ചേച്ചിയെന്ന അതുല്യപ്രതിഭയെ എത്രയോ കാലമായി അമ്മയായും ചേച്ചിയായുമൊക്കെ നമ്മൾ സിനിമകളിൽകണ്ടിട്ടുണ്ട് . കടൽപ്പാലത്തിൽ ബഹദൂർക്കയുടെ ഭാര്യയായെത്തി. അമരത്തിലെ വേഷം മറക്കാനാവില്ല. തികച്ചും വ്യത്യസ്തമായ അഭിനയശൈലിയായിരുന്നു. സ്റ്റേജിലെ തഴക്കവും വഴക്കവുമായിരിക്കാം അതിനുള്ള പ്രധാന കാരണം. സിനിമയിൽ ഡയലോഗ് അവതരണത്തിലടക്കം റിയലിസ്റ്റിക് ശൈലിയുടെ ഉടമയാണ് അവർ.

മതിലുകളിൽ പ്രേക്ഷകർക്ക് എങ്ങനെവേണമെങ്കിലും സങ്കൽപിക്കാവുന്ന കഥാപാത്രമായി ശബ്ദത്തിലൂടെ മാറി. ഒരു സംവിധായകനായിക്കഴിയുമ്പോൾ ലളിതച്ചേച്ചിയുടെ കൂടെ സിനിമ ചെയ്യുകയെന്നത് ആഗ്രഹമായിരുന്നു.

ALSO READ

ജീവിതകാലം മുഴുവൻ മേപ്പടിയാൻ നാണമില്ലാതെ ആഘോഷിക്കും ; തന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന് ഉണ്ണി മുകുന്ദൻ കൊടുത്ത മറുപടി വൈറൽ

അഞ്ചരക്കല്യാണമാണ് എന്റെ ആദ്യസിനിമ. അതിൽ ജനാർദനന്റെ പഴയ കാമുകിയായ അലമേലുവായി ക്ലൈമാക്‌സിലാണ് ലളിതച്ചേച്ചി വന്നത്. അതിനുശേഷം ലളിതച്ചേച്ചിക്കൊപ്പം ചെയ്ത സിനിമയാണ് പെൺപട്ടണം.

ലളിതച്ചേച്ചിക്കൊപ്പം ജോലി ചെയ്യാൻ ഏറ്റവും സുഖകരമാണ്. ഇത്രയും മുതിർന്ന ഒരു താരം താരതമ്യേന പ്രായംകുറഞ്ഞ സാങ്കേതികപ്രവർത്തകരോടുവരെ ബഹുമാനത്തോടെ പെരുമാറുന്നത് അമ്പരപ്പിച്ചിട്ടുണ്ട്. പഴയകാല സിനിമയുടെ പാരമ്പര്യമാണത്. ചേച്ചിക്ക് സംവിധായകന്റെ എല്ലാ ബുദ്ധിമുട്ടുകളുമറിയാം. ഭരതൻസാറിന്റെ ഭാര്യയെന്ന നിലയിൽ അതെല്ലാം ചേച്ചി കണ്ടറിഞ്ഞിട്ടുണ്ടാവും. ഏതു സമയത്തും സന്തോഷത്തോടെയാണ് ചേച്ചിയെ കാണുക. അഭിനയിക്കാൻ തുടങ്ങിയാൽ ചുറ്റുമുള്ളതെല്ലാം ചേച്ചി മറക്കും.

കോഴിക്കോട്ടെ കുടുംബശ്രീക്കാരായ വനിതകളെക്കുറിച്ചുള്ള ആലോചനയിൽനിന്നാണ് ആ സിനിമ പിറന്നത്. രഞ്ജിത്തിന്റെ കഥയിൽ ടി.എ.റസാഖാണ് തിരക്കഥയെഴുതിയത്.

ലളിതച്ചേച്ചിയാണ് സിനിമയിൽ വനിതകളുടെ കൂട്ടത്തെ നയിക്കുന്നത്. വളരെ പ്രാരാബ്ധം നിറഞ്ഞ കുടുംബശ്രീതൊഴിലാളികളുടെ കഥയാണ്. രാവിലെ വീടുകൾ തോറുമെത്തി മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീക്കാരാണ് സിനിമയിലുള്ളത്. അവരുടെ ജോലിയിൽ അവർ മഹത്വം കണ്ടെത്തുന്നുണ്ട്. ഒരു ജോലിക്കും പോവാത്ത, മദ്യപാനിയായ മകനെയും കുംബത്തെയും പോറ്റാൻ അമ്മയാണ് ജോലി ചെയ്യുന്നത്. ആ വേദനയും ബുദ്ധിമുട്ടും മനോഹരമായാണ് ലളിത അവതരിപ്പിച്ചത്.

ആ ചിത്രത്തിൽ നെടുമുടി വേണുവിന്റെ ക്രൂരനായ കഥാപാത്രമുണ്ട്. രേവതിയുടെ കഥാപാത്രത്തോട് വളരെ മോശമായ രീതിയിൽ പെരുമാറുന്ന സമയത്ത് നാലുസ്ത്രീകൾ ചേർന്ന് അദ്ദേഹത്തെ പിടികൂടി മാലിന്യക്കുപ്പയിലെറിയുന്ന രംഗമുണ്ട്. മാലിന്യക്കൂമ്പാരത്തിലേക്ക് നെടുമുടി വേണുവിനെ എറിഞ്ഞിട്ട് കെപിഎസി ലളിത ഒരു കൊടുവാളെടുത്ത് വീശുന്ന രംഗമുണ്ട്. ആ രംഗത്തിനായി ഒരു ഡമ്മി കൊടുവാൾ നിർമിച്ചിരുന്നു. എന്നാൽ ഷോട്ടെടുക്കുന്ന സമയത്ത് ഏതോ ആരോ ഡമ്മി കൊടുവാളിനുപകരം യഥാർഥ കൊടുവാൾ കൊണ്ടുവച്ചിരുന്നു.

അഭിനയിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ മറ്റെല്ലാം മറക്കുന്നയാളാണ് ലളിതച്ചേച്ചി. കൊടുവാളെടുത്ത് വീശുമ്പോൾ ശ്വേതാമേനോനാണ് കയറിപ്പിടിച്ച് തടുത്തുനിർത്തുന്നത്. യഥാർഥ കൊടുവാളാണെന്നറിയാതെയാണ് ശ്വേത കയറിത്തടുത്തത്. ആ വെട്ട് ശ്വേത മേനോന്റെ വലത്തേകൈക്കാണ് കൊണ്ടത്. രക്തം ചീറ്റിത്തെറിക്കുന്നതാണ് ഞങ്ങളെല്ലാവരും കണ്ടത്. ‘എന്റെ കൈ പോയേ’ എന്ന കരച്ചിലുമായി ശ്വേത ബോധരഹിതയായി വീണു. ലളിതച്ചേച്ചി തളർന്നുപോയി. ‘എന്റെ മോൾക്കെന്തുപറ്റി’ എന്നു ചോദിച്ച് ചേച്ചിയും വിതുമ്പി കരയാൻ തുടങ്ങി.

സ്വന്തംകൈക്കി വെട്ടുകുടുങ്ങിയതുപോലെ വെപ്രാളത്തിലായിരുന്നു. ഏതാനും ദിവസത്തേക്ക് തളർന്നിരിപ്പായിരുന്നു. ഏതാനും ദിവസത്തിനുശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചത്. കയ്യബദ്ധം പറ്റിപ്പോയതിന്റെ ആ വിഷമം ഇപ്പോഴും മനസ്സിലുണ്ട്. അത്ര ആവേശത്തോടെ കത്തി വീശേണ്ടിയിരുന്നോ എന്ന് ചോദിച്ചപ്പോൾ ചേച്ചി പറഞ്ഞത് ‘ ഒരു പെണ്ണിന്റെ നേർക്ക് കൈപൊക്കിയവനെതിരെയുള്ള ദേഷ്യമാണ്. എനിക്കപ്പോ നിയന്ത്രിക്കാൻ പറ്റിയില്ല’ എന്നായിരുന്നു.

കോഴിക്കോടൻ സംസാരശൈലിയിൽ ആദ്യാവസാനമുള്ള ഒരുകഥാപാത്രത്തെ കെപിഎസി ലളിത അവതരിപ്പിച്ചത് ‘പെൺപട്ടണ’ത്തിലാണ്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കോഴിക്കോട്ടെ കുടുംബശ്രീക്കാരിയായുള്ള ആ അഭിനയമുഹൂർത്തം എനിക്കിന്നും മറക്കാൻ കഴിയില്ല.”

കെപിഎസി ലളിതയില്ലാത്ത പെൺപട്ടണമാണ് ഇന്ന് കോഴിക്കോട്. മധ്യതിരുവിതാംകൂറിൽ ജനിച്ചുവളർന്ന് വള്ളുവനാട്ടുകാരിയായി മാറിയ കെപിഎസി ലളിതയെ മലബാറിന്റെ മണ്ണ് എന്നും നെഞ്ചോടുചേർത്താണ് നിർത്തിയിരുന്നത്. വിട പറഞ്ഞുപോയ ലളിതയ്ക്ക് ഏറെ വിഷമത്തോടെ യാത്രാമൊഴി ചൊല്ലുകയാണ് കോഴിക്കോട്ടുകാർ.

ബേപ്പൂർ സുൽത്താന്റെ ‘മതിലുകളി’ലെ ‘നാരായണി’യായി കെപിഎസി ലളിതയെയാണ് ഏതൊരാളും ഓർക്കുക. ശബ്ദം മാത്രമേയുള്ളൂവെങ്കിലും അത്രയ്ക്ക് ചിരപരിചിതമായ ലളിതയുടെ സാന്നിധ്യം ഏറെ അമ്പരപ്പോടെയും ആഹ്ലാദത്തോടെയുമാണ് മലയാളികൾ ഏറ്റെടുത്തത്. ഐ.വി.ശശി, രഞ്ജിത്ത്, ജോമോൻ, വി.എം.വിനു, രഞ്ജൻ പ്രമോദ് തുടങ്ങി കോഴിക്കോട്ടുകാരായ സംവിധായകരുടെ പ്രിയപ്പെട്ട അഭിനേത്രിയുമായിരുന്നു കെപിഎസി ലളിത. കോഴിക്കോട്ടുകാരിയായി അനേകമനേകം സിനിമകളിൽ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്.

Advertisement