അബുദാബി ബിഗ് ടിക്കറ്റില്‍ 23 കോടിരൂപ മലയാളിക്ക്

22

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റില്‍ കോടീശ്വരന്‍മാരായി വീണ്ടും മലയാളികള്‍. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പില്‍ തൊടുപുഴ സ്വദേശി അജ്മാനില്‍ താമസിക്കുന്ന ജോര്‍ജ് മാത്യു എടുത്ത ടിക്കറ്റിന് 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. തിങ്കളാഴ‌്ച ബിഗ്ടിക്കറ്റ് നറുക്കെടുപ്പിലെ എല്ലാ സമ്മാനവും നേടിയത് ഇന്ത്യക്കാരാണ്.

Advertisements

തിങ്കളാഴ്ച രാവിലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്. ദുബായില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗള്‍ഫ് ന്യൂസിന്റെ പ്രിന്റിങ് പ്രസില്‍ പ്രൊഡക‌്ഷന്‍ ഓഫീസറാണ് ജോര്‍ജ് മാത്യു. ഇദ്ദേഹവും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്നാണ് ടിക്കറ്റെടുത്തതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇതോടെ ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ തുക സമ്മാനമായി ലഭിച്ചവരെല്ലാം മലയാളികളായി. ഇതു മൂന്നാം തവണയാണ് ഇത്രയും വലിയ തുക ബിഗ് ടിക്കറ്റില്‍ സമ്മാനമായി നല്‍കുന്നത്. ജനുവരിയില്‍ നടന്ന ആദ്യ നറുക്കെടുപ്പില്‍ ആലപ്പുഴ സ്വദേശി ഹരികൃഷ്ണനാണ് 12 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്.

ഏപ്രിലില്‍ നടന്ന രണ്ടാമത്തെ നറുക്കെടുപ്പില്‍ ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ജോണ്‍ വര്‍ഗീസിനും സമാനമായ തുക സമ്മാനം അടിച്ചു. മറ്റു മൂന്നു മലയാളികളോടൊപ്പമായിരുന്നു ടിക്കറ്റെടുത്തത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തുകയാണ് ജോര്‍ജ് മാത്യുവിന് അടിച്ചത്.

ജോര്‍ജ് മാത്യുവിനെ കൂടാതെ നാല് മലയാളികളടക്കം ആറ് ഇന്ത്യക്കാര്‍ക്കാണ് തിങ്കളാഴ്‌ച സമ്മാനം ലഭിച്ചത്. സുള്‍ഫിക്കറലി പാലശ്ശേരി (ഒരു ലക്ഷം ദിര്‍ഹം), കൈതാരത്ത് ജോസഫ് ഫ്രാന്‍സിസ് (80,000 ദിര്‍ഹം), അബ്ദുല്‍ സലീല്‍ ചിറക്കണ്ടത്തില്‍ (70,000 ദിര്‍ഹം), ഓമനക്കുട്ടന്‍ നാരായണന്‍ (50,000 ദിര്‍ഹം) എന്നിവരാണ് സമ്മാനം ലഭിച്ച മലയാളികള്‍.

Advertisement