മമ്മൂട്ടി ചിത്രം ‘യാത്ര’ പ്രതിസന്ധിയില്‍; എട്ടിന്റെ പണികൊടുത്ത് മദ്രാസ് ഹൈക്കോടതി

23

വൈഎസ്ആറായി മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ റിലീസിംഗ് അടുത്തിരിക്കെ അപ്രതീക്ഷിത പ്രതിസന്ധി.

Advertisements

കഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് ചിത്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ചെന്നൈയിലെ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം മുരുകന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് കോടതി നോട്ടീസ്. ഫെബ്രുവരി 8 ന് ചിത്രം വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്നതിനിടെയാണ് ഈ നോട്ടീസ്.

ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താന്‍ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആന്‍ഡ് ടെലിഫിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് മുരുകന്‍ പരാതിയില്‍ പറയുന്നത്.

മുരുകന്റെ പരാതി സ്വീകരിച്ച കോടതി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങി വന്നിരിക്കുന്ന ചിത്രമാണ് യാത്ര. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം പുറത്തു വരുന്നത്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement